മനുഷ്യനും ഭൂമിക്കും വേണ്ടി, മാറ്റത്തിന് പ്രചോദനമേകാൻ എക്സ്പോ
text_fieldsഎക്സ്പോ 2020യുടെ പരിപാടികളുടെ വിവരങ്ങളടങ്ങിയ കലണ്ടർ
ദുബൈ: ഒാരോ സന്ദർശകനെയും മാറ്റത്തിെൻറ വാഹകരാകാൻ പ്രേരിപ്പിക്കുന്ന പരിപാടികളുടെയും അനുഭവങ്ങളുടെയും പട്ടികയടങ്ങിയ എക്സ്പോ കലണ്ടർ പുറത്തിറക്കി.
മനുഷ്യനും ഭൂമിക്കും വേണ്ടിയുള്ള പരിപാടി എന്ന തലക്കെട്ടിലാണ് ആറുമാസം നീളുന്ന കലണ്ടർ പുറത്തിറക്കിയത്. ഭൂമിയിലെ മുഴുവൻ മനുഷ്യരും അനുഭവിക്കുന്ന വെല്ലുവിളികളിലേക്കും അവസരങ്ങളിലേക്കും വെളിച്ചംവീശുന്നതും എക്സ്പോയിലെത്തുന്നവർക്ക് മാറ്റത്തിന് പ്രചോദനം പകരുന്നതായിരിക്കും പരിപാടികളെന്നാണ് അവകാശപ്പെടുന്നത്.
എക്സ്പോ ദുബൈയുടെ പൈതൃകം രൂപപ്പെടുത്തുമെന്നും വരുംതലമുറകൾക്ക് അർഥവത്തായ പ്രചോദനം നൽകുന്ന ചലനത്തിന് തുടക്കംകുറിക്കുമെന്നും പരിപാടിയുടെ ചീഫ് ഓഫ് സ്റ്റാഫ് നാദിയ വെർജീ പറഞ്ഞു.
ചിന്തകളുടെ പങ്കുവെക്കൽ, സംഭാഷണങ്ങൾ, വർക്ഷോപ്പുകൾ, തമാശകളടങ്ങിയ ഗെയിമുകൾ എന്നിവയിലൂടെ വലിയ ചോദ്യങ്ങൾ ഉയർത്തുകയും പരിഹാരങ്ങൾ തേടുകയും ചെയ്യും. ഭൂമിയെയും ജൈവവൈവിധ്യങ്ങളെയും നിലനിർത്തുന്ന ആലോചനകൾ, എല്ലാവർക്കും ആരോഗ്യവും വിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള ചിന്തകൾ, മനുഷ്യജീവിതത്തിന് സുസ്ഥിരത കൈവരിക്കാനുള്ള സംഭാഷണങ്ങൾ എല്ലാം അടങ്ങിയതായിരിക്കും പരിപാടി. 'മനസ്സുകളെ ഇണക്കി, ഭാവിസൃഷ്ടിക്കാം' എന്ന എക്സ്പോയുടെ തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടിയെന്നും നാദിയ വെർജീ പറഞ്ഞു.
മനുഷ്യനും ഭൂമിക്കും വേണ്ടിയുള്ള പരിപാടികൾ അഞ്ചു 'പാത'കളിലായാണ് വിന്യസിച്ചിരിക്കുന്നത്.'പാലങ്ങൾ പണിയുക' എന്ന തീമിലാണ് കൾചറൽ ട്രാക്ക്. കല, സംഗീതം, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ പരസ്പര സംഭാഷണവും വിജ്ഞാനവിനിമയവും വളർത്തിയെടുക്കുകയും അതിരുകൾ തകർത്ത് ബന്ധങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
'ആരും പിന്നിലാകരുത്' എന്ന തീമിലെ സാമൂഹിക വികസന ട്രാക്കിൽ സാമൂഹിക സമത്വത്തിനാണ് ഊന്നൽനൽകുന്നത്. 'സന്തുലിതമായി ജീവിക്കുക' എന്ന തീമിൽ ആഗോളതാപനമടക്കം പരിസ്ഥിതിവിഷയങ്ങൾ ചർച്ചക്കെടുക്കുന്നു. 'ഒരുമിച്ച് അതിജീവിക്കുക' എന്ന തലക്കെട്ടിലെ ട്രാക്കിലൂടെ അവസരങ്ങൾ എല്ലാവർക്കും ലഭ്യമാവുക എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നു. 'വിഷൻ 2071' എന്ന അവസാന ട്രാക്കിലൂടെ ഭാവിലോകത്തെ വിഭാവനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

