അക്ഷരങ്ങളുടെ കഥ പറയാൻ അഴക് വിടർത്തി എക്സ്പോ സെൻറർ
text_fieldsഷാർജ: അക്ഷരങ്ങളുടെ സൗന്ദര്യവും സൗരഭ്യവും പറഞ്ഞാൽ തീരില്ല. പ്രകൃതിയുടെ അഴകിനെ മൊത്തം എടുത്ത് വെക്കാൻ കുറച്ച് അക്ഷരങ്ങൾ മതി. അക്ഷരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഭൂമിയിൽ വസന്തങ്ങൾ തന്നെ ഉണ്ടാകുമായിരുന്നില്ല. അക്ഷരങ്ങളുടെ തീരാത്ത കഥകൾ പറയുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം 37ാം അധ്യായത്തിെൻറ സുവർണ താളുകൾ മറിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലെത്തി.
രണ്ട് പ്രവേശന കവാടങ്ങളും ചുവന്ന പശ്ചാതലത്തിൽ വെളുത്ത അക്ഷരങ്ങൾ കോർത്ത് വെച്ച അലങ്കാരങ്ങൾ കൊണ്ട് തിളങ്ങി നിൽക്കുകയാണ്.
ഇത്തിഹാദ് റോഡിൽ നിന്ന് ഷാർജയിലേക്ക് പ്രവേശിക്കുന്ന പാലത്തിന് സമീപത്ത് വഴി അടയാളത്തോടു കൂടിയാണ് വിളംബര ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
എക്സ്പോസെൻററിെൻറ അകവും പുറവും ചുവപ്പ് വർണത്തിലെ വെളുത്ത അക്ഷരങ്ങളുടെ പ്രഭയിലാണ്. നീളൻ വരാന്തക്കും ഇത്തവണ അഴക് കൂടുതലാണ്. വെളുത്ത മാർബ്ൾ പാകിയാണ് വരാന്ത മനോഹരമാക്കിയിരിക്കുന്നത്. അൽ താവൂനിലെ അറബ് മാളിന് സമീപത്തെ പ്രവേശന കവാടത്തിലാണ് അക്ഷരങ്ങളുടെ അലങ്കാരം കൂടുതൽ. മംസാർ ബീച്ചിനോട് ചേർന്ന കവാടത്തിൽ പതാകകളും അഥിതികളുടെ ചിത്രങ്ങളുമാണ് അഴക് വിരിക്കുന്നത്. അകതളങ്ങളിലാകെ അറബ്, ഇംഗ്ലീഷ്, ജപ്പാനിസ് അക്ഷരമാലകളുടെ തിറയാട്ടമാണ്. തെരുവോരത്തെ അലങ്കാരങ്ങളിൽ തിളങ്ങി നിൽക്കുന്നത് ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരി ലില്ലി സിങിെൻറ ചിത്രങ്ങളാണ്.