റാസല്‍ഖൈമ: ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക വിട്ടുമാറാതെ പ്രവാസലോകം.
സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയാണെന്ന വാര്‍ത്തകള്‍ എത്തുന്നതോടെ പ്രയാസത്തിനു മേല്‍ പ്രയാസം വന്നാലും ഒരാളും വളഞ്ഞ വഴിയിലൂടെയുള്ള പണം നേടാന്‍ ശ്രമിക്കരുതെന്ന ഉപദേശങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ഗള്‍ഫ് പ്രവാസികളുടെ സമൂഹമാധ്യമ ചുമരുകള്‍.
നാടണയാനുള്ള ടിക്കറ്റ്, നാട്ടിലെത്തിയാല്‍ നിശ്ചിത തുക തുടങ്ങിയ വാഗ്ദാനങ്ങളെത്തുന്നത് ഏറ്റവും അടുത്ത സുഹൃത്തില്നിന്നുതന്നെയായിരിക്കും. ഒറ്റ വ്യവസ്ഥയായിരിക്കും കാണാമറയത്തുള്ള സംഘത്തില്‍ നിന്നുള്ള നിർദേശം സുഹൃത്തുക്കള്‍ ഇരകള്‍ക്കു മുന്നില്‍ വെക്കുക- നാട്ടിലേക്കുള്ള ലഗേജ് ഒരുക്കുന്നത് ടിക്കറ്റ് തരുന്നവരായിരിക്കും. വിമാനം ഇറങ്ങി എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് ലഗേജ് കൈമാറി പറഞ്ഞുറപ്പിച്ചിരിക്കുന്ന പണം സ്വീകരിച്ച് നിങ്ങള്‍ക്ക് സ്ഥലം വിടാം.
പിടിക്കപ്പെട്ടാൽ ജാമ്യത്തില്‍ ഇറക്കുന്നതിനും ഏടാകൂടങ്ങളില് നിന്നൊഴിവാക്കുന്നതിനുമുള്ള വഴികളൊരുക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇരകളെ വരുതിയിലാക്കുന്നത്. ഏറെ ജാഗ്രത പുലര്‍ത്തിയാലും ഏതെങ്കിലും വഴിയില്‍ ലഗേജിലുള്ളതില് നഷ്ടം സംഭവിച്ചാല്‍ 'ഇര'യുടെ കാര്യം അവതാളത്തിലായതുതന്നെ.
എയര്‍പോര്‍ട്ടില്‍ കാത്തു നില്ക്കുന്ന മാഫിയാസംഘത്തിനു മുന്നില്‍ മോഷ്ടാവായി മുദ്രകുത്തപ്പെടുന്ന 'ഇര'യുടെ ജീവിതവഴി ഇരുളടയും. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണ് നിയമവിരുദ്ധമായ ഇടപാടുകളില്‍ ചെന്നുചാടുന്നത്. നാടണയുന്നതിനും നാട്ടിലെത്തിയാല്‍ അല്ലലില്ലാതെ അവധിദിനങ്ങള്‍ ചെലവഴിക്കുന്നതിനും സഹായകരമാകുമെന്ന ചിന്തയില്‍ ഈ ദേശവിരുദ്ധ പ്രവര്‍ത്തകരുടെ വലയില്‍ വീഴുന്നവര്‍ മുന്നിലുള്ള ദുരന്തവ്യാപ്തിയുടെ കണക്കെടുപ്പില്‍ പിഴക്കുകയാണെന്ന് തെളിയിക്കുന്നതാണ് അബ്ദുല്‍ ജലീലിന്റെ ദുരന്തം. ഈ ഹതഭാഗ്യന്റെ കുടുംബത്തിന്റെയും കൂടപ്പിറപ്പുകളുടെയും തീരാവേദന ഓരോരുത്തര്‍ക്കും പാഠമാകേണ്ടതുണ്ടെന്ന കാര്യത്തില്‍ ഗള്‍ഫ് പ്രവാസികള്‍ ഒറ്റക്കെട്ടാണ്. സ്വര്‍ണത്തിനു പുറമെ വിവിധ ഉല്പന്നങ്ങള് നികുതിയില്ലാതെ നാട്ടിലെത്തിക്കുന്നതിന് ഇരകളെ തേടുന്ന മാഫിയകള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ നിർദേശിക്കുന്നു.