സമൃദ്ധിയുടെ വിഷുപ്പുലരിയിൽ പ്രവാസവും
text_fieldsവിഷുക്കണി ഒരുക്കാൻ എത്തിച്ച കണിക്കൊന്ന. ദുബൈ കറാമയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള ദൃശ്യം
ദുബൈ: ഗൃഹാതുര ഓർമകളിൽ വിഷുക്കണി കണ്ടുണർന്ന്, വിഷുസദ്യയുണ്ട് ആഘോഷം കെങ്കേമമാക്കാൻ യു.എ.ഇയിലെ പ്രവാസി സമൂഹം.
ദിവസങ്ങൾക്ക് മുമ്പ് തന്നെ കണിക്കൊന്നയും കണിവെള്ളരിയും അടക്കമുള്ള വസ്തുക്കൾക്ക് സൂപ്പർമാർക്കറ്റുകളിൽ വലിയ ഡിമാന്റാണുണ്ടായിരുന്നത്. കേരളത്തിൽനിന്ന് എത്തിച്ച വെള്ളരിക്കും കണിക്കൊന്നക്കുമാണ് വിപണിയിൽ ഏറെ ആവശ്യക്കാരുള്ളത്. വിഷുകണിക്ക് ആവശ്യമായ ഓട്ടുരുളി, അരി, നെല്ല്, മുണ്ട്, പൊന്ന്, വാല്‍കണ്ണാടി, കണി വെള്ളരി, നിലവിളക്ക്, നാളികേരം, ചക്ക, മാങ്ങ എന്നിവയെല്ലാം വിപണിയില്‍ ലഭ്യമാണ്.
വെറ്റിലയും പഴുത്ത അടക്കയും കണി ഒരുക്കാന്‍ ആവശ്യമാണെങ്കിലും വെറ്റില ഇവിടെ ലഭ്യമല്ല. ഇത്തവണ വിഷു പ്രവൃത്തി ദിനമായതിനാൽ പലരും ഞായറാഴ്ച തന്നെ ആഘോഷത്തിന്റെ ഭാഗമായ കുടുംബ സംഗമങ്ങളും മറ്റും പൂർത്തിയാക്കിക്കഴിഞ്ഞു. ജോലി സ്ഥലത്ത് തിങ്കളാഴ്ച വിഷു ആഘോഷിക്കുന്നവരുമുണ്ട്. കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്കും മറ്റും വിപണിയിൽ നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്.
കുടുംബമായി കഴിയുന്നവരിൽ നിരവധിപേർ വിഷു സദ്യ വീടുകളിൽ തന്നെയാണ് ഒരുക്കുന്നത്. വിഷു വിഭവസമൃദ്ധമക്കാൻ വിഭവങ്ങളൊരുക്കി ഹൈപ്പർമാർക്കറ്റുകൾ നേരത്തെ സജീവമായിരുന്നു. മാർക്കറ്റുകളിൽ ഈ തിരക്ക് ദൃശ്യമായിരുന്നു. ഹോട്ടലുകൾ പ്രത്യേക സദ്യയും പായസവുമെല്ലാം ഒരുക്കിയിട്ടുണ്ട്.
പാഴ്സലായി താമസ സ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നുമുണ്ട്. ചില സ്ഥാപനങ്ങൾ പാർസലിന് അൽപം വില കൂടുതൽ ഈടാക്കുന്നുവെങ്കിലും എറെ പേരും പാർസലായാണ് ഓർഡർ ചെയ്യുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.