ചെലവും ദുരിതവും വർധിക്കുമെന്ന് പ്രവാസികൾ
text_fieldsദുബൈ: എയർ ഇന്ത്യ നിർത്തുകയും പകരം സംവിധാനം ഏർപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് പ്രവാസികളുടെ ചെലവും ദുരിതവും വർധിക്കാൻ ഇടയാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധരും പ്രവാസി സംഘടനകളും അഭിപ്രായപ്പെട്ടു. സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നത് നിരക്കു വർധനക്കും തിരക്കിനും ഇടയാക്കുമെന്ന് ദേര ട്രാവൽസ് ജനറൽ മാനേജർ ടി.പി. സുധീഷ് കുമാർ അഭിപ്രായപ്പെട്ടു. എയർ ഇന്ത്യയിലെ ടിക്കറ്റ് ലോക്ക്, റീഫണ്ട് പോലുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.
കുട്ടികൾക്കുള്ള നിരക്കിളവ് ഒഴിവാക്കിയതും സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് എയർലൈനുകൾ പുതിയ നടപടികൾ നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുധീഷ് പറഞ്ഞു.
സ്ട്രച്ചർ സൗകര്യം ഇല്ലാത്തത് രോഗികളുടെ ദുരിതം ഇരട്ടിയാക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പലപ്പോഴും എംബസിയുടെയും കോൺസുലേറ്റിന്റെയും സഹായത്തോടെയാണ് രോഗികളെ നാട്ടിലേക്ക് അയക്കുന്നത്. അവരുടെ നിസ്സഹായത നേരിൽ കാണാറുണ്ട്. പ്രവാസികൾക്ക് സൗകര്യമൊരുക്കാനാണ് സർക്കാർ ഇടപെടേണ്ടതെന്നും നസീർ വ്യക്തമാക്കി.
മലബാർ മേഖലയോടുള്ള അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ചൂണ്ടിക്കാണിച്ചു. കണ്ണൂർ, കോഴിക്കോട് എയർപോർട്ടുകളെ ആശ്രയിക്കുന്നവർ അത്യാഹിത ഘട്ടങ്ങളിൽ സ്ട്രച്ചറിൽ യാത്രക്ക് സൗകര്യമുണ്ടായിരുന്ന ഏക വിമാനമാണ് ഇതോടെ ഇല്ലാതാകുന്നത്. രോഗികളെയും കൊണ്ട് വലിയ ദൂരം ക്ലേശകരമായ യാത്രചെയ്യേണ്ടി വരുന്നതും എല്ലാ നിലക്കും ദുരന്തമാകും. ഈ വിഷയത്തിൽ ഉത്തരവാദപ്പെട്ടവർ പ്രതികരിക്കാത്തതും ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

