പ്രവാസിക്ക് മരിക്കാനും വേണം ലക്ഷങ്ങൾ...
text_fieldsദുബൈ: ഗൾഫിൽ മരിക്കുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ചെലവാകുന്നത് ലക്ഷങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖംതിരിക്കുമ്പോൾ തന്നെ, മൃതദേഹം അയക്കുന്നതിന്റെ ചെലവ് അനുദിനം വർധിക്കുകയാണ്. ഒടുവിലെ കണക്ക് പ്രകാരം ദുബൈ, ഷാർജ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇന്ത്യൻ വിമാനക്കമ്പനികൾ വഴി മൃതദേഹം അയക്കുന്നതിന് 6500 ദിർഹം (1.43 ലക്ഷം രൂപ) മുതൽ 10,000 ദിർഹം (2.20 ലക്ഷം രൂപ) വരെയാണ് ചെലവാകുന്നത്. 5250-5450 ദിർഹമിന് മൃതദേഹം അയക്കാമെന്നിരിക്കേ, ഇടനിലക്കാരായ ഏജൻസികളാണ് ഈ നിരക്ക് കുത്തനെ ഉയരാൻ കാരണമെന്നും ആക്ഷേപമുണ്ട്. യു.എ.ഇയുടെ എയർലൈനായ എയർ അറേബ്യയേക്കാൾ കൂടിയ നിരക്കാണ് ഇന്ത്യൻ വിമാനക്കമ്പനികൾ വഴി ഇന്ത്യയിലേക്ക് മൃതദേഹം അയക്കാൻ ഈടാക്കുന്നത്.
2019ൽ എയർ ഇന്ത്യ വഴി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് 1500 ദിർഹമായി കാർഗോ നിരക്ക് ഏകീകരിച്ചിരുന്നു. എംബാമിങ്, കഫിൻ ബോക്സ് ഉൾപ്പെടെ 5400 ദിർഹമായിരുന്നു (1.19 ലക്ഷം രൂപ) അന്ന് ആകെ ചെലവായിരുന്നത്. എന്നാൽ, ഇപ്പോൾ എയർ ഇന്ത്യ വഴി മൃതദേഹം അയക്കുന്നതിന് 6500 ദിർഹമിലേറെ (1.43 ലക്ഷം രൂപ) ചെലവ് വരുന്നു. ഇടനിലക്കാരായ ഏജൻസികൾ കാർഗോ ബുക്കിങ് ഡോക്യുമെന്റേഷൻ നിരക്ക്, എയർവേ ബിൽ ചാർജ് തുടങ്ങിയ പേരുകളിൽ അധിക നിരക്ക് ഈടാക്കുന്നതാണ് ചെലവു വർധിക്കാൻ കാരണം. ഈ നിരക്കുകൾ ഒഴിവാക്കിയാൽ 5250-5450 ദിർഹമിന് ദുബൈയിൽനിന്നും ഷാർജയിൽനിന്നും മൃതദേഹം അയക്കാൻ കഴിയും. അബൂദബിയിൽനിന്ന് മൃതദേഹം അയക്കുന്നതിന് ഇതിനേക്കാൾ നിരക്ക് കുറവാണ്. ഏജൻസികൾ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും അബൂദബിയിൽ എംബാമിങ്, കഫിൻ ബോക്സ് നിരക്ക് കുറവാണ്. ഇതാണ് അബൂദബിയിൽ നിരക്ക് കുറയാൻ കാരണം. എന്നാൽ, എയർ അറേബ്യയുമായി താരതമ്യം ചെയ്യുമ്പോൾ അബൂദബിയിൽ എയർ ഇന്ത്യയിൽ നിരക്ക് കൂടുതലാണ്.
നേരത്തേ, മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് എയർ ഇന്ത്യ വഴി നേരിട്ട് മൃതദേഹം അയക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞവർഷം മുതൽ ഇത് ഏജൻസി വഴിയാക്കുകയായിരുന്നു. മറ്റ് ഇന്ത്യൻ എയർലൈനുകളായ ഗോ എയർ, ഇൻഡിഗോ ഉൾപ്പെടെയുള്ളവ വഴി അയക്കുന്നതിനും 6500 ദിർഹമിലേറെ ചെലവു വരുന്നുണ്ട്. എന്നാൽ, യു.എ.ഇയുടെ എയർലൈനായ എയർ അറേബ്യ വഴി മൃതദേഹം അയക്കുന്നതിന് 5600 ദിർഹമാണ് (1.23 ലക്ഷം രൂപ) ചെലവാകുന്നത്.
അതേസമയം, ചില ഇടനിലക്കാർ വിവിധ നിരക്ക് ഉൾപ്പെടെ 10,000 ദിർഹം വരെ (രണ്ട് ലക്ഷം രൂപ) ഈടാക്കുന്നതായും ആരോപണമുണ്ട്. മൃതദേഹം അയക്കുന്നതിന്റെ കൃത്യമായ നിരക്ക് അറിയാത്തവരാണ് ഇത്തരത്തിൽ പണം നൽകുന്നത്. ചെറിയ ശമ്പളത്തിൽ ജീവിക്കുന്ന പ്രവാസി മരിക്കുമ്പോൾ സുമനസ്സുകളിൽനിന്ന് സ്വരൂപിക്കുന്ന തുക ഉപയോഗിച്ചാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. അവസാനമായി ഒരുനോക്ക് കാണണമെന്ന കുടുംബക്കാരുടെ ആഗ്രഹം നിറവേറ്റാൻ ചോദിക്കുന്ന തുക നൽകി മൃതദേഹം നാട്ടിലേക്കയക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ. നോർക്ക നേരിട്ട് ഇടപെട്ട് കേരളത്തിലേക്ക് മൃതദേഹം എത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
ദുബൈയിൽനിന്ന് മൃതദേഹം അയക്കുന്നതിന്റെ ചെലവ്
(ഏജൻസി ചാർജ് ഇല്ലാതെ)
കാർഗോ നിരക്ക്: 1500 ദിർഹം
എംബാമിങ്: 1070 ദിർഹം
കഫിൻ ബോക്സ്: 1840 ദിർഹം
എയർപോർട്ട് ഹാൻഡ്ലിങ് നിരക്ക്: 495 ദിർഹം
മരണ സർട്ടിഫിക്കറ്റ്: 125 ദിർഹം
വിസ കാൻസലേഷൻ: 100 ദിർഹം
സർട്ടിഫിക്കറ്റ് മൊഴിമാറ്റം (ആവശ്യമെങ്കിൽ മാത്രം): 100 ദിർഹം
ആംബുലൻസ്: 220 ദിർഹം
ആകെ: 5450 ദിർഹം
ഷാർജയിൽനിന്ന് മൃതദേഹം അയക്കുന്നതിന്റെ ചെലവ്
(ഏജൻസി ചാർജ് ഇല്ലാതെ)
കാർഗോ നിരക്ക്: 1799 ദിർഹം
കസ്റ്റംസ് -110
എംബാമിങ്: 1070 ദിർഹം
കഫിൻ ബോക്സ്: 1840 ദിർഹം
മരണ സർട്ടിഫിക്കറ്റ് 125 ദിർഹം
വിസ കാൻസലേഷൻ: 100 ദിർഹം
ആംബുലൻസ്: 220 ദിർഹം
ആകെ: 5264 ദിർഹം
അബൂദബിയിൽനിന്ന് മൃതദേഹം അയക്കുന്നതിന്റെ ചെലവ്
(എയർ അറേബ്യ)
കാർഗോ -1500
കസ്റ്റംസ് -265
ഏജൻസി -300
എംബാമിങ് കഫിൻ ബോക്സ്-1000
ആംബുലൻസ്-100
മരണ സർട്ടിഫിക്കറ്റ്-105
ആകെ: 3270 ദിർഹം (എയർ ഇന്ത്യയിൽ ഇത് 3970)
*സാഹചര്യം അനുസരിച്ച് നിരക്കിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

