ഓണം വർണാഭമാക്കി പ്രവാസികൾ
text_fieldsഓണാഘോഷത്തിന്റെ ഭാഗമായി അബൂദബി മലയാളി സമാജത്തിൽ സമാജം ബാലവേദി ഒരുക്കിയ പൂക്കളം
ദുബൈ: ഓണം കെങ്കേമമായി ആഘോഷിച്ച് പ്രവാസലോകം. പൂക്കളമിട്ടും ഓണപ്പുടവ അണിഞ്ഞും ഓണപ്പാട്ടുകൾ പാടിയും വിവിധ ഓണക്കളികൾ സംഘടിപ്പിച്ചും ഓണസദ്യ ഒരുക്കിയും പ്രവാസി മലയാളികളും ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കി. നാട്ടിൽനിന്ന് വ്യത്യസ്തമായി പ്രവാസലോകത്ത് ഓണാഘോഷം ക്രിസ്മസ് വരെ നീണ്ടുനിൽക്കാറാണ് പതിവ്. യു.എ.ഇയിലെ ഒട്ടുമിക്ക ഹൈപ്പർമാർക്കറ്റുകളും റസ്റ്റാറന്റുകളും ഓണാഘോഷത്തോടനുബന്ധിച്ച് പ്രത്യേക ഓണസദ്യയും ഒരുക്കിയിരുന്നു. ചൂട് കൂടിയതിനാൽ പ്രവാസികളിൽ ഭൂരിഭാഗവും ഓണം ആഘോഷിക്കാനാണ് മുൻഗണന നൽകിയത്. നാട്ടിൽനിന്ന് പൂക്കൾ എത്തിച്ചതിനാൽ അത്തം ഒന്നു മുതൽതന്നെ എല്ലായിടത്തും പൂക്കളങ്ങളിൽ വർണങ്ങൾ വിരിഞ്ഞു. ഫ്ലാറ്റുകളുടെയും വില്ലകളുടെയും മുറ്റങ്ങളിൽ പൂക്കളമിടാൻ മലയാളികൾക്കൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഒത്തുകൂടി.
വൻകിട കോർപറേറ്റുകളും മലയാളികൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്തു. ഫുജൈറയിൽ എയർപോർട്ട് അതോറിറ്റി വിമാനത്താവളത്തിൽ പ്രത്യേകം പൂക്കളമൊരുക്കിയത് വേറിട്ട കാഴ്ചയായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ ഓണാഘോഷങ്ങളും വരുംദിവസങ്ങളിൽ തുടരും. വെള്ളിയാഴ്ച നബിദിന അവധികൂടി ഒരുമിച്ച് വന്നതിനാൽ രാജ്യം പൂർണമായും ആഘോഷച്ചൂടിലമർന്നു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ പഴയിടം നമ്പൂതിരിയുടെ ഓണസദ്യ ഒരുക്കിയാണ് പ്രവാസികളെ വരവേറ്റത്.
വ്യത്യസ്തമാർന്ന ഓണപ്പുടവ അണിഞ്ഞ് മറ്റുള്ളവരും മലയാളികൾക്കൊപ്പം കൂടിയതും വർണക്കാഴ്ചയായി. വെള്ളിയാഴ്ച ഉച്ചക്കുശേഷം റോഡരികുകൾ ഓണം സെൽഫി പോയന്റുകളായി വഴിമാറി. ചൂട് കൂടിയതിനാൽ വൈകുന്നേരങ്ങളിലായിരുന്നു പാർക്കുകൾ സജീവമായത്. ഉത്രാടപ്പാച്ചിലിൽ സൂപ്പർമാർക്കറ്റുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ചക്കൊപ്പം വാരാന്ത്യ അവധി ദിനങ്ങൾ കൂടി വന്നതോടെ പലരും രാജ്യത്തിന് പുറത്തേക്ക് യാത്ര പ്ലാൻ ചെയ്തിരുന്നു. വൈകീട്ട് മലയാളികൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങിയതോടെ ഗതാഗതം പല സമയങ്ങളിലും നിശ്ചലമായി. വെള്ളിയാഴ്ച നബിദിന അവധി പ്രമാണിച്ച് എമിറേറ്റുകൾ പാർക്കിങ് സൗജന്യമാക്കിയിരുന്നു. ദുബൈയിൽ ആർ.ടി.എ പൊതുഗതാഗത സർവിസ് സമയം ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

