പ്രവാസി വോട്ടവകാശം ഉന്നയിച്ച് ഭാരതീയ പ്രവാസി ഫെഡറേഷന്
text_fieldsദുബൈ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ഭാരതീയ പ്രവാസി ഫെഡറേഷന് (ബി.പി.എഫ്) ഗള്‍ഫ്നാടുകളില്‍ പ്രചാരണം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുതുവര്‍ഷത്തില്‍ ഇന്ത്യ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലമരുമ്പോള് പ്രവാസി കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും സാധാരണക്കാരുടെയും സഹകരണം ഉറപ്പുവരുത്തി ‘പ്രവാസി വോട്ടവകാശം അനുവദിക്കുക’ ഹാഷ് ടാഗോടെ അധികൃതരുടെ കണ്ണ് തുറപ്പിക്കുംവരെയുള്ള പ്രക്ഷോഭത്തിനാണ് ബി.പി.എഫ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ തോമസ് കോയാട്ട്, കെ.കെ. ഷിഹാബ് എന്നിവര്‍ പറഞ്ഞു.
പ്രവാസികളുടെ പണം വേണം, പ്രവാസികളെ വേണ്ട എന്ന അധികൃതരുടെ നിലപാട് ക്രൂരമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് പ്രവാസികള്‍ നല്കുന്ന സംഭാവന ചെറുതല്ല. ലോകബാങ്കിന്റെ അവലോകന റിപ്പോര്‍ട്ടില്‍ വിവിധ രാജ്യങ്ങളില്‍ പ്രവാസിപ്പണം എത്തുന്നതില്‍ ഇന്ത്യയാണ് മുന്നില്‍. ഇന്ത്യയുടെ മൊത്തം ജി.ഡി.പിയുടെ 3.4 ശതമാനം വരുന്നതാണ് ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തിന് നല്കുന്ന വിദേശനാണ്യം. പത്തു വര്‍ഷത്തെ കണക്കെടുത്താല്‍ 78.5 ശതമാനമാണ് വളര്‍ച്ച.
വരുംനാളുകളിലും ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ കുതിപ്പ് തുടരുമെന്നാണ് പഠന റിപ്പോര്‍ട്ടുകളുള്ളത്. പ്രവാസികളായതുകൊണ്ട് മാത്രം രാജ്യത്തെ ഭരണകൂടത്തെ നിര്‍ണയിക്കുന്നതില്‍ അവകാശമില്ലെന്നത് ഖേദകരമാണ്. ലോകത്തെ 94 രാഷ്ട്രങ്ങള്‍ തങ്ങളുടെ പ്രവാസി പൗരന്മാര്ക്ക് വോട്ടവകാശം അനുവദിക്കുമ്പോഴാണ് ഒന്നര കോടിയോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നത്. വോട്ടവകാശം നേടിയെടുക്കുന്നതിലൂടെ വിമാന നിരക്ക്, ചികിത്സ, പെന്ഷന് തുടങ്ങി പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനും വഴിതെളിയും.
വോട്ടവകാശം എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് പ്രവാസലോകത്തെ കൂട്ടായ്മകളുടെ സംയുക്ത നീക്കം അധികൃതരില്‍ സമ്മര്‍ദമുണ്ടാക്കും. ഇതിന്റെ ആദ്യപടിയായി യു.എ.ഇയിലെ വിവിധ കൂട്ടായ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയതായും ഇന്ത്യന്‍ സ്ഥാനപതി തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളുമായി വരുംദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തി നിവേദനം സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

