പ്രവാസി വോട്ടർ രജിസ്‌ട്രേഷൻ; സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കണം -പ്രവാസി ഇന്ത്യ
text_fieldsദുബൈ: പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം 6എ’ നടപടികൾ സ്വാഗതാർഹമാണെങ്കിലും പോർട്ടലിലെ ഗുരുതരമായ സാങ്കേതിക പിഴവുകൾ കാരണം അർഹരായ നിരവധി പ്രവാസികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നില്ലെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറി ഹാഫിസുൽ ഹഖ് പ്രസ്താവിച്ചു. പ്രവാസികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന തരത്തിലുള്ള ഈ സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഇന്ത്യ യു.എ.ഇ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകി.
തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ പ്രവാസികൾ നേരിടുന്ന എട്ട് പ്രധാന സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് പ്രവാസി ഇന്ത്യ ആവശ്യപ്പെട്ടു. വിദേശത്ത് ജനിച്ച പ്രവാസികൾക്ക് അവരുടെ ജന്മസ്ഥലം കൃത്യമായി രേഖപ്പെടുത്താനുള്ള ഓപ്ഷൻ നൽകണം, വോട്ടർ പട്ടികയിലുള്ള ബന്ധുവിന്റെ എപിക് നമ്പർ കൂടി നൽകാനുള്ള സൗകര്യം ഏർപ്പെടുത്തണം, രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളിൽ തുടങ്ങുന്ന പുതിയ സീരീസ് പാസ്‌പോർട്ട് നമ്പറുകൾ സ്വീകരിക്കുന്ന രീതിയിൽ സിസ്റ്റം മാറ്റണം, ഇംഗ്ലീഷിൽ പേര് നൽകുമ്പോൾ മലയാളത്തിലേക്ക് ഓട്ടോമാറ്റിക്കായി പരിഭാഷപ്പെടുത്തുന്നതിൽ വലിയ പിഴവുകൾ സംഭവിക്കുന്നത് പരിശോധിക്കണം, ഡിസംബർ ഒമ്പതിന് മുമ്പ് അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാൻ സാധിക്കാത്ത സാങ്കേതിക തകരാർ അടിയന്തരമായി പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇന്നയിച്ചിട്ടുള്ളത്.
സാങ്കേതിക പിഴവുകൾ തിരുത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികൾ ലഘൂകരിക്കണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കമീഷൻ തയാറാകണമെന്നും ഹാഫിസുൽ ഹഖ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

