രാഹുൽ ഗാന്ധിക്ക് പ്രവാസലോകത്തിന്റെ പിന്തുണ
text_fieldsപാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രവാസലോകവും. വിവിധ പ്രവാസി സംഘടനകളും വ്യക്തികളും രാഷ്ട്രീയ ഭേദമന്യേ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു. ജനാധിപത്യ ഇന്ത്യയുടെ കടക്കൽ കത്തിവെച്ച് മറ്റ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ നാണം കെടുത്തുന്ന നടപടിയാണിതെന്ന് പ്രവാസലോകം അഭിപ്രായപ്പെട്ടു.
നടപടി ജനാധിപത്യലംഘനം -ഇൻകാസ്
ദുബൈ: രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയും തുടർന്നുണ്ടായ അയോഗ്യത കൽപിക്കലും ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള കടന്നുകയറ്റവും അതിക്രൂരമായ അവഹേളനവുമാണെന്ന് ഇൻകാസ് യു.എ.ഇ പ്രസ്താവനയിൽ പറഞ്ഞു.
ഭയരഹിതനായി സത്യം വിളിച്ചു പറയുന്നതിനെ അടിച്ചമർത്താൻ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന കിരാതനടപടികളെ ചെറുക്കേണ്ടത് ജനാധിപത്യ മതേതര ശക്തികളുടെ കടമയാണെന്നും ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
നടപടി ലജ്ജാവഹം -കെ.എം.സി.സി
രാഹുൽ ഗാന്ധിക്കെതിരായ നടപടി രാജ്യം കേട്ട ഏറ്റവും ലജ്ജാവഹമായ വാർത്തയാണെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ സവിശേഷത വിയോജിപ്പുകളെ അംഗീകരിക്കുന്നു എന്നതിലായിരുന്നു. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. എന്നാൽ, ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ മൗലികമായ സവിശേഷത എല്ലാതരം വിയോജിപ്പുകളെയും ഭയപ്പെടുന്നു, വിയോജിപ്പിന്റെ ശബ്ദങ്ങൾ കഴുത്തുഞെരിച്ച് ഇല്ലാതാക്കുന്നു എന്നതാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഇന്ത്യയിലെ ബി.ജെ.പി ഭരണകൂടം ഫാഷിസ്റ്റ് രൂപം പൂണ്ടതിന്റെ ഏറ്റവും പുതിയ തെളിവാണ്.
സത്യത്തെ ഫാഷിസ്റ്റുകൾക്ക് പേടിയാണ്. നുണകൾക്കുമേൽ കെട്ടിപ്പൊക്കുന്ന അവരുടെ ആധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സത്യം. രാജ്യത്തിന്റെ സ്വത്ത് കട്ടുമുടിക്കുന്നവരെല്ലാം ഇന്ത്യയിലെ പ്രധാനമന്ത്രിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവരാണ് എന്നു പറഞ്ഞതിനാണ് രാഹുലിന്റെ വായടപ്പിക്കുന്നത്.
മറുശബ്ദങ്ങളുടെ നാവരിയുന്ന ഫാഷിസ്റ്റ് ഏകാധിപത്യത്തിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നാകെ ശബ്ദമുയർത്തുകയും രാജ്യാന്തര വേദികളിൽ ഈ ഇന്ത്യൻ അവസ്ഥ വിശദീകരിക്കപ്പെടുകയും വേണം. ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം ഒരു രാഷ്ട്രീയ ആഭാസമല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ പൗരന്മാർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസസമൂഹത്തിന്റെ പിന്തുണ -ഒ.ഐ.സി.സി
ജനാധിപത്യത്തിൽ വായ മൂടിക്കെട്ടാൻ ശ്രമിച്ചാൽ ജനം പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വ. ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു. ഏകാധിപതികളെയും ഫാഷിസ്റ്റുകളെയും ജനം തെരുവിൽ വലിച്ചിഴക്കുന്ന കാലം വിദൂരമല്ല. 4000 കിലോമീറ്ററിൽ അധികം ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ നടന്നുകയറിയ നേതാവിനെ ഭീരുവായ ഏകാധിപതി ഭയപ്പെടുന്നതിൽ അത്ഭുതമില്ല. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ മാറ്റി ബാലറ്റ് പേപ്പറിലൂടെ ജനാധിപത്യം പുലരുമ്പോൾ തീരുന്ന അഹങ്കാരം മാത്രമേ കോർപറേറ്റ് മുതലാളിമാരുടെ കാവൽക്കാരനുള്ളൂ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ പോലും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ ഭരണം ജനം പിഴുതെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്കെട്ടായി എതിർക്കണം -ഓർമ
ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണിതെന്നും ഒറ്റക്കെട്ടായി എതിർക്കണമെന്നും ലോക കേരള സഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞഹമ്മദ്. ഇന്ത്യ ഭരിക്കുന്ന സർക്കാർ അധികാരത്തിൽ വന്നശേഷം പ്രതിപക്ഷ നേതാക്കളുടെ വായടപ്പിക്കുകയെന്ന ഫാഷിസ്റ്റ് നടപടിയാണ് നടപ്പാക്കുന്നത്. ജനാധിപത്യം ഉപയോഗിച്ച് പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലായ്മ ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടി. പ്രതിഷേധിക്കുന്നവരെ സർക്കാറിന്റെ സ്വാധീനം ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്പെടുത്തുക എന്ന തന്ത്രത്തിലേക്ക് സർക്കാർ മാറുന്നു.
തികച്ചും ജനാധിപത്യ വിരുദ്ധമായ നീക്കത്തെ ഇന്ത്യയിലെ ജനാധിപത്യ ബോധമുള്ള എല്ലാവരും ഒറ്റക്കെട്ടായി എതിർക്കേണ്ട കാലമാണിത്. ഈ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ കൊല -പ്രവാസി ഇന്ത്യ
ലോക്സഭ സെക്രട്ടേറിയറ്റിന്റെ നടപടിയിലൂടെ സംഘ്പരിവാർ ഫാഷിസം എല്ലാ മറകളും നീക്കി വെളിപ്പെട്ടിരിക്കുകയാണെന്നും ഇതിലൂടെ ജനാധിപത്യത്തെ ആർ.എസ്.എസ് കൊലപ്പെടുത്തുകയാണെന്നും പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സവാദ്, ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് എന്നിവർ പറഞ്ഞു. പ്രതിപക്ഷം ഇല്ലാത്ത രാജ്യം വിഭാവനചെയ്യുന്ന ആർ.എസ്.എസ് ഫാഷിസത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട ചരിത്രനിമിഷമാണിത്.
രാഹുൽഗാന്ധിക്ക് പ്രവാസി ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിക്കുന്നു. വംശഹത്യക്ക് നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്സഭ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ ഒരു നേതാവ് തടവുശിക്ഷക്ക് വിധിക്കപ്പെട്ടത് എന്നത് വിചിത്രമാണ്. അതിൻ മേലുള്ള അപ്പീൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ധിറുതിപിടിച്ച് ലോക്സഭ അംഗത്വത്തിൽനിന്ന് രാഹുൽഗാന്ധിയെ പുറത്താക്കാൻ എടുത്ത തീരുമാനം ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

