ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രവാസികൾ മുന്നോട്ടു വരണം -ഡോ. സുബൈർ ഹുദവി
text_fieldsദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുഹിബ്ബേ റസൂൽ മീലാദ് നബി പ്രോഗ്രാമിൽ ഖുർതുബ ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ സുബൈർ ഹുദവി സംസാരിക്കുന്നു
ദുബൈ: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ മുഖ്യ പങ്കുവഹിച്ച പ്രവാസി സമൂഹം ഉത്തരേന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനസമൂഹങ്ങളെ കൂടി ചേർത്തുപിടിക്കാനും ശാക്തീകരിക്കാനും മുന്നോട്ടുവരണമെന്ന് ഖുർതുബ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സുബൈർ ഹുദവി അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അബുഹൈൽ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച മുഹിബ്ബേ റസൂൽ മീലാദ് നബി പ്രോഗ്രാമിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുസ് ലിം സമൂഹത്തിന്റെ 95 ശതമാനവും, ഏതാണ്ട് 20 കോടിയോളം മറ്റ് സംസ്ഥാനങ്ങളിലാണ് അധിവസിക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ അനവധി ആളുകളാണ് അവിടങ്ങളിൽ കഴിയുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള വലിയ സാധ്യതകളാണ് ഓരോ ഗ്രാമങ്ങളിലുമുള്ളത്. ഇത്തരം ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഖുർതുബ ഫൗണ്ടേഷനും പ്രയാൺ ഫൗണ്ടേഷനും കഴിഞ്ഞ ആറു വർഷമായി ബിഹാറിലെ കിഷൻഗഞ്ച് കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നത്.
ആയിരക്കണക്കിന് ഗ്രാമങ്ങൾ ഇത്തരം ആവശ്യങ്ങൾക്കുവേണ്ടി നമ്മുടെ മുന്നിൽ കൈനീട്ടി വരുന്ന സാഹചര്യത്തിൽ ഈ ഉദ്യമം ഏറ്റെടുക്കാൻ പ്രവാസി സമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റാഷിദ് പടന്ന സ്വാഗതം പറഞ്ഞു. അബ്ദുൽ ഹക്കീം തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി സി.ടി. അബ്ദുൽ ഖാദർ, അഫ്സൽ മെട്ടമ്മൽ, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, സഹ ഭാരവാഹികളായ റഫീഖ് പി.പി, സലാം തട്ടാനിച്ചേരി, റഫീഖ് എ.സി, പി.ഡി നൂറുദ്ദീൻ, സുബൈർ അബ്ദുല്ല എന്നിവർ സംബന്ധിച്ചു. അബ്ദുൽ സലാം പി.പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

