ആഘോഷത്തിന്‍റെ വിഷുപ്പുലരിയിലേക്ക് പ്രവാസി മലയാളികൾ
text_fieldsഷാര്‍ജ: ആശങ്കയുടെ കാർമേഘങ്ങൾ നീങ്ങി സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പെൻപുലരിയുടെ പ്രതീക്ഷയായ വിഷു ആഘോഷത്തിനൊരുങ്ങി പ്രവാസി മലയാളികൾ. വിഷുക്കണിയും വിഷുസദ്യയുമൊരുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് യു.എ.ഇയിലെപ്രവാസികൾ. രാജ്യത്തുടനീളമുള്ള ഹൈപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ വമ്പൻ ഓഫറുകളും വിത്യസ്ത ആഘോഷ പരിപാടികളുമായി സജീവമാണ്. വിപണികളിൽ വിഷുവിനുള്ള സാധനങ്ങള്‍ ഇതിനകം എത്തിക്കഴിഞ്ഞു.
പഴം, പച്ചക്കറികള്‍ തിങ്കളാഴ്ചയോടെ എത്തി. ചൊവ്വാഴ്ചയായിരിക്കും വിഷുവിനുള്ള അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി വിപണികളില്‍ വലിയ തിരക്കനുഭവപ്പെടുക. കേരളത്തില്‍ നിന്നെത്തിയ പച്ചക്കറികള്‍ക്ക് താരതമ്യേന വിലവർധിച്ചെങ്കിലും ആഘോഷങ്ങളെ തെല്ലും ബാധിച്ചിട്ടില്ല.
കണിക്കൊന്ന ഉള്‍പ്പെടെ വിഷുവിനുവേണ്ട സകല സാധനങ്ങളും യു.എ.ഇ. യിലെ വിപണികളിലും സുലഭമായി കിട്ടാനുണ്ടെന്നത് ആശ്വാസമാണ്. അതിനാല്‍ വിഷുക്കണിയുടെ തനിമയും പൊലിമയും ഒട്ടും കുറയാതെ മലയാളികള്‍ക്ക് ഒരുക്കാന്‍ സാധിക്കും. റസ്റ്ററന്റുകളിലും ലുലു അടക്കമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളും വിഷുസദ്യ പാര്‍സല്‍ ആയി ലഭിക്കും.
രണ്ടുതരം പായസമടക്കം 25 - ലേറെ വിഭവങ്ങളടങ്ങിയതാണ് പാര്‍സല്‍ വിഷുസദ്യ. 35 ദിര്‍ഹംമുതല്‍ മുകളിലോട്ടാണ് വില. ആവശ്യക്കാര്‍ മുന്‍കൂട്ടി സദ്യ ബുക്കുചെയ്തിട്ടുമുണ്ട്. ജോലിദിവസമായതിനാല്‍ പാര്‍സല്‍ വിഷുസദ്യക്ക് ഓര്‍ഡര്‍ ധാരാളമുണ്ടെന്ന് റസ്റ്ററന്റ് ഉടമകള്‍ പറഞ്ഞു. പായസമേളകളും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടക്കുന്നുണ്ട്. അട പ്രഥമന്‍, പാലട, ഗോതമ്പുപായസം, സേമിയ, അമ്പലപ്പുഴ പായസം, നെയ് പായസം, പരിപ്പുപായസം, ചക്ക, മാങ്ങ പായസം തുടങ്ങിയവയാണ് വില്‍പ്പനയ്ക്ക് തയ്യാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

