സഹായവുമായി പ്രവാസി ഇന്ത്യ
text_fieldsതുർക്കിയയിലേക്ക് എത്തിക്കാൻ ശേഖരിച്ച സാമഗ്രികൾ പ്രവാസി ഇന്ത്യ മുസഫ ഘടകം
പ്രവർത്തകർ പാക്ക് ചെയ്യുന്നു
അബൂദബി: ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിക്കുന്ന തുർക്കിയജനതക്ക് പ്രവാസി ഇന്ത്യ മുസഫ ഘടകം സഹായം നൽകി. മുസഫയിലും പരിസരപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച സാമഗ്രികൾ അബൂദബി തുർക്കിയ എംബസിയുടെ ശേഖരത്തിലേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. ടിൻ ഫുഡുകൾ, ബേബി ഫുഡുകൾ, കേടുവരാത്ത ഭക്ഷണങ്ങൾ, സാനിറ്ററി പാഡുകൾ, കുട്ടികളുടെ ഡയപ്പറുകൾ, ശുചീകരണവസ്തുക്കളായ സോപ്പ്, സോപ്പുപൊടി, ബാത്ത് ടവ്വൽ, ടിഷ്യൂ പേപ്പർ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ശൈത്യകാല വസ്ത്രങ്ങൾ, കമ്പിളി പുതപ്പുകൾ, ടെന്റുകൾ തുടങ്ങിയവയാണ് നൽകിയത്.
ചെറുകിട കച്ചവടസ്ഥാപനങ്ങളും ഇതിലേക്കായി നൽകി. പ്രവാസി ഇന്ത്യ മേഖല പ്രസിഡന്റ് ഷഫീഖ് വെട്ടം, സെക്രട്ടറി ജാബിർ മുസ്തഫ, വൈസ് പ്രസിഡന്റ് ഡോ. ബിൽകിസ്, ജനസേവന വകുപ്പിന്റെ ചുമതലയുള്ള ഷബീർ മണ്ണാർക്കാട്, ജഹാദ് ക്ലാപ്പന എന്നിവർ നേതൃത്വം നൽകി.
30,000ത്തിലധികം ഭക്ഷണപ്പൊതികൾ ഒരുക്കി റെഡ് ക്രസന്റ്
രണ്ടായിരത്തിലധികം വളൻറിയർമാരാണ് സ്വയംസന്നദ്ധരായി എത്തിച്ചേർന്നത്
ദുബൈ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ദുരിത ബാധിതർക്കായി എമിറേറ്റ്സ് റെഡ്ക്രസന്റ് വഴി ഒരുക്കിയത് 30,000ത്തിലധികം ഭക്ഷണപ്പൊതികൾ. ‘ബ്രിഡ്ജസ് ഓഫ് ഗുഡ്നസ്’ എന്ന പേരിൽ നടന്ന കാമ്പയിന്റെ ഭാഗമായാണ് ഇത്രയും ഭക്ഷണപ്പൊതികൾ തയാറാക്കാൻ സാധനങ്ങൾ സംഭാവനയായി ലഭിച്ചത്. തണുപ്പുകാല വസ്ത്രങ്ങൾ, പുതപ്പുകൾ തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
സംഭാവനയായി ലഭിച്ച വസ്തുക്കൾ ശനിയാഴ്ച രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളിൽവെച്ചാണ് പാക്ക് ചെയ്ത് ഒരുക്കിയത്. ഇതിനായി രണ്ടായിരത്തിലധികം വളൻറിയർമാരാണ് സ്വയംസന്നദ്ധരായി എത്തിച്ചേർന്നത്.
യു.എ.ഇ സാമൂഹിക വികസന മന്ത്രാലയവും ദുബൈ കെയേഴ്സ്, ഷാർജ ഇന്റർനാഷനൽ ചാരിറ്റി തുടങ്ങിയ ജീവകാരുണ്യ കൂട്ടായ്മകളും യോജിച്ചാണ് ദുരിതമേഖലയിലേക്ക് അവശ്യസാധനങ്ങൾ ശേഖരിക്കുന്നത്.
യു.എ.ഇയുടെ ഓപറേഷൻ ഗാലന്റ് നൈറ്റ്-2 പദ്ധതിയിലാണ് വസ്തുക്കൾ ദുരിതബാധിത മേഖലകളിൽ എത്തിക്കുക. അബൂദബിയിലെ അഡ്നെക്, ദുബൈ എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെന്റർ, ഷാർജയിലെ ഖാലിദ് ലേകിനുസമീപം എന്നിവിടങ്ങളിലാണ് വളന്റിയർമാർ ഒത്തുചേർന്ന് ദുരിതാശ്വാസ സാമഗ്രികൾ പാക്ക് ചെയ്തത്.
ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഫീൽഡ് ഹോസ്പിറ്റലുകൾ, ദുരിതാശ്വാസ സഹായം, റെസ്ക്യൂ ടീമുകൾ എന്നിവ അയക്കുന്നത് അടുത്ത രണ്ടാഴ്ചത്തേക്ക് തുടരുമെന്ന് കഴിഞ്ഞ ദിവസം എമിറേറ്റ്സ് റെഡ്ക്രസന്റ് സെക്രട്ടറി ജനറൽ ഹമൂദ് അൽ ജുനൈബി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

