സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസി സമൂഹം
text_fieldsയു.എ.ഇ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തുന്നു
ദുബൈ: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനം പ്രവാസ മണ്ണിലും ആഘോഷമാക്കി ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ്, വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, മറ്റു കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ചെറുതും വലുതുമായ നിരവധി പരിപാടികൾ രാജ്യത്താകമാനം അരങ്ങേറി.
അബൂദബി ഇന്ത്യൻ എംബസിയിൽ അംബാസഡർ സഞ്ജയ് സുധീർ ദേശീയപതാക ഉയർത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖരടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുക്കാനെത്തി.
ഇന്ത്യയും യു.എ.ഇയും പരസ്പര സഹകരണം കൂടുതൽ ശക്തമായിരിക്കുകയാണെന്നും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉഭയകക്ഷി വ്യാപാരം കുതിച്ചുയരുന്നതിന് സഹായിച്ചുവെന്നും സഞ്ജയ് സുധീർ യു.എ.ഇ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. യു.എ.ഇ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോചടങ്ങിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പതാക ഉയർത്തി. തുടർന്ന് കോൺസുലേറ്റ് പരിസരത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ദുബൈയിലെ പ്രവാസി സമൂഹത്തിലെ നിരവധി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടർന്ന് കോൺസുലേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. പിന്നീട് വിവിധ കലാപരിപാടികളും നടന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് തൊഴിലാളികൾക്ക് പ്രത്യേകമായി ബോധവത്കരണ ക്യാമ്പും കോൺസുലേറ്റ് നേതൃത്വത്തിൽ ഒരുക്കി. ആരോഗ്യ പരിശോധന, സാമ്പത്തിക സാക്ഷരത സെഷൻ എന്നിവയും ഒരുക്കിയ ചടങ്ങ് കോൺസൽ ജനറലാണ് ഉദ്ഘാടനം ചെയ്തത്.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്
വടക്കൻ എമിറേറ്റിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പതാക ഉയർത്തി. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ദുബൈയിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ യു.എ.ഇ സഹിഷ്ത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു. അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, ഐ.ബി.പി.സി ദുബൈ ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

