എനിക്ക് എന്നു മടങ്ങാനാകും
text_fieldsദുബൈ: കാണുന്നവരോടും ഫോണിൽ വിളിക്കുന്നവരോടുമെല്ലാം ഒറ്റച്ചോദ്യമേ ഇസ്മായിലിന് ചോദിക്കാനുള്ളൂ - ‘എനിക്ക് എന്നാണ് നാട്ടിലേക്ക് പോകാനാവുക?'. രോഗത്തിെൻറ കാഠിന്യത്താൽ ശക്തമായ വിറയൽ ശരീരത്തെ മൂടുമ്പോഴും ഇൗ മലപ്പുറത്തുകാരൻ പതറാതെ പിടിച്ചുനിന്നത് താമസിയാതെ നാട്ടിലേക്ക് മടങ്ങാമല്ലോ എന്ന പ്രതീക്ഷയിലേറിയാണ്. എന്നാൽ പ്രവാസഭൂമി ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം സർവസന്നാഹത്തോടെ യാത്രക്കാരുമായി ആദ്യ വിമാനം മലയാളക്കരയിലേക്ക് പറന്ന ദിവസം നിരാശനായി മുറിയിൽ തന്നെ കഴിയാനായിരുന്നു പാർക്കിൻസൺസിെൻറ പിടിയിലമർന്ന ഇൗ 52കാരന് വിധി. ‘വിസ കാൻസലായി, പോരാത്തതിന് രോഗവും, എന്നിട്ടും നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. എല്ലായിടത്തും പേരും നൽകിയിരുന്നു. എന്നാൽ, എനിക്ക് മാത്രം പോകാനായില്ല’ - വിതുമ്പുന്ന വാക്കുകളോടെ ഇദ്ദേഹം സങ്കടപ്പെടുന്നു.
മൂന്നര പതിറ്റാണ്ട് മുമ്പ് ദുബൈയിൽ തൊഴിൽ തേടിയെത്തിയ മലപ്പുറം ചങ്ങരംകുളത്തെ ഇസ്മായിൽ കടകളിലെ ജീവനക്കാരനായിരുന്നു. കുടുംബത്തിന് താങ്ങാവുന്നതിനായി നേരവും കാലവും നോക്കാതെ ഉത്സാഹത്തോടെ ഓടിനടന്ന് ജോലിചെയ്തു. ഇതിനിടയിൽ എട്ടുവർഷം മുമ്പ് കടന്നുവന്ന പാർക്കിൻസൺസ് രോഗമാണ് ജീവിതത്തിൽ വില്ലനായത്. എന്നിട്ടും വിഷമങ്ങൾ ഏറെ സഹിച്ച് ഏഴുവർഷത്തോളം വീണ്ടും ജോലി ചെയ്തു. ഒടുവിൽ ഉടുതുണി ഉടുക്കാൻ പോലും വിറയാർന്ന കൈകൾ വഴങ്ങാതായതോടെ, പ്രതീക്ഷകളുടെ നാട്ടിൽനിന്ന് പിറന്ന മണ്ണിലേക്കുള്ള തിരികെയാത്രക്ക് ഒരുങ്ങി. നാട്ടിലേക്ക് മടങ്ങുന്നതിനായി വിസ കാൻസൽ ചെയ്തു തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കൊറോണയുടെ കടന്നുവരവ്.
പിന്നാലെ സർവം വിലക്കിലായതോടെ ഇസ്മായിലും ബാച്ച്ലർമുറിയുടെ നാലു ചുവരുകൾക്കുള്ളിലൊതുങ്ങി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന നിർദേശം വന്നതോടെ നോർക്കയിലും എംബസിയിലുമെല്ലാം രോഗിയാണെന്ന് പ്രത്യേകം സൂചിപ്പിച്ചുതന്നെ ഇസ്മായിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ദുരിതത്തിനിടയിലും, ആദ്യവിമാനത്തിൽ നാട്ടിലേക്ക് തിരിക്കാമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഇസ്മായിൽ, വിമാനം പറക്കുന്നതു കണ്ടത് മുറിയിലിരുന്ന് ടിവിയിലൂടെയായിരുന്നു.
ഇദ്ദേഹം സ്ഥിരം കഴിക്കേണ്ട മരുന്നുകളും കഴിഞ്ഞിട്ട് നാളുകളായി. അധികൃതരോ സന്നദ്ധസംഘടനകളോ ഇൗ അവസ്ഥ മനസ്സിലാക്കി തന്നെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഇസ്മായിൽ. ഇതുപോലെ അർഹരായ നിരവധി പേർക്ക് അവസരം നഷ്ടമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
