ഷാർജ വിമാനത്താവളം ടെർമിനൽ വിപുലീകരണം ആരംഭിച്ചു
text_fieldsഷാർജ വിമാനത്താവളം വിപുലീകരണ പദ്ധതിയുടെ ശിലാസ്ഥാപനം ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിക്കുന്നു
ഷാർജ: എമിറേറ്റിലെ വ്യോമയാനമേഖലയുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നു. 120 കോടി ദിർഹമിന്റെ പദ്ധതിയിൽ ടെർമിനലിന്റെ വിപുലീകരണമാണ് പ്രധാനമായി നടപ്പാക്കുന്നത്. ഇതുവഴി ഓരോവർഷവും രണ്ടുകോടി യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷി വിമാനത്താവളത്തിന് കൈവരും.
ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 1,90,000 ചതുരശ്ര മീറ്ററിൽ വ്യാപിക്കുന്ന വിപുലീകരണം 2027ഓടെ പൂർത്തിയാക്കുന്ന പദ്ധതിയുടെ ഭാഗമാണ്.
വിപുലീകരണം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നവരുടെയും വന്നിറങ്ങുന്നവരുടെയും മേഖലകൾ വ്യത്യസ്ത ഭാഗങ്ങളിലാകും. അതോടൊപ്പം മൊത്തം വിമാനത്താവളത്തിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുകയും ചെയ്യും. സെൽഫ് ചെക്-ഇൻ കിയോസ്കുകൾ, ഇലക്ട്രോണിക് ബോർഡിങ് ഗേറ്റുകൾ, വിപുലമായ വിശ്രമസ്ഥലം, ഭക്ഷണസൗകര്യങ്ങൾ, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ഹോട്ടൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. സാമ്പത്തികരംഗത്ത് ഷാർജ വലിയരീതിയിൽ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗങ്ങൾ കൂടുതൽ ശക്തമാക്കാനും പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമാനത്താവള വികസനം ആരംഭിച്ചത്. കഴിഞ്ഞവർഷം ആദ്യ പാതിയിൽമാത്രം 70 ലക്ഷത്തിലേറെ യാത്രക്കാരാണ് വിമാനത്താവളംവഴി യാത്രചെയ്തത്. വാർഷികാടിസ്ഥാനത്തിൽ 24.4 ശതമാനത്തിന്റെ വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്.
വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങളുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. 46,900 വിമാനങ്ങളാണ് കഴിഞ്ഞവർഷം ആദ്യപാതത്തിൽ എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 14 ശതമാനത്തിന്റെ വർധനയാണ്. ഷാർജ വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ റെക്കോഡ് ലാഭമാണുണ്ടാക്കിയത്. ലാഭം 52.2 കോടി ദിർഹമാണ് ഈ കാലയളവിലുണ്ടായത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം കൂടുതലാണ്. അതോടൊപ്പം യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനം വർധനയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

