ആവേശം തീർത്ത് ശൈഖ് മുഹമ്മദിെൻറ സന്ദർശനം
text_fieldsജൈടെക്സ് പ്രദർശന നഗരിയിൽ സന്ദർശനത്തിനെത്തിയ ശൈഖ് മുഹമ്മദ് ആഗോള സാങ്കേതിക വിദഗ്ധരെ അഭിവാദ്യം ചെയ്യുന്നു
ദുബൈ: ആഗോള സാങ്കേതികവിദഗ്ധരുടെ കരവിരുതിൽ നാളെയുടെ ലോകത്തെ അണിയിച്ചൊരുക്കുന്ന ജൈടെക്സ് നഗരിയിൽ ഇന്നലെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. ലോകം സ്വപ്നം കാണുമ്പോൾ അത് യാഥാർഥ്യമാക്കി ദുബൈ നഗരം കാട്ടിക്കൊടുക്കുന്നതിനുപിന്നിലെ കരുത്തുറ്റ നേതൃത്വമായ സാക്ഷാൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. വൈകീട്ട് 3.15ഓടെയായിരുന്നു സബീൽ ഹാളിലെ ഇത്തിസ്വലാത്ത് ഫ്ലോറിന് സമീപത്തെ കവാടത്തിലൂടെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് സാങ്കേതിക വാരഘോഷ നഗരിയിലെത്തിയത്. കണ്ടമാത്രയിൽ തന്നെ ജൈടെക്സ് നഗരി ഇളകിമറിഞ്ഞു.
വിഡിയോയിൽ പകർത്താനും പടമെടുക്കാനും ലോകത്തെങ്ങുമുള്ള ജൈടെക്സ് അതിഥികൾ തിരക്കുകൂട്ടിയപ്പോൾ, ദുബൈയിലെ ആഗോള മേളയിലെത്തിയവരെ തികച്ചും ശാന്തഭാവത്തിൽ അഭിവാദ്യം ചെയ്ത് ശൈഖ് മുഹമ്മദ് നടന്നുനീങ്ങി.ആറോളം പവലിയനുകൾക്ക് മുന്നിൽ നിലയുറപ്പിച്ച് ഏറ്റവും പുതിയ സാങ്കേതിക വിപ്ലവത്തെ കുറിച്ചുള്ള വിവരങ്ങളും ടെക്നോളജി മേഖലയിലെ ട്രെൻഡും അറിഞ്ഞ ശേഷമാണ് ശൈഖ് മുഹമ്മദ് പ്രദർശനനഗരി വിട്ടത്.