റെക്കോഡുകൾ ഭേദിച്ച് വിനിമയ നിരക്ക്; യു.എ.ഇ ദിർഹമിന് 24.18 രൂപ ലഭിച്ചു
text_fieldsദുബൈ: രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോഡിൽ. ദിർഹമിന് 24.18 രൂപ എന്ന സർവകാല റെക്കോഡാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. മിക്ക എക്സ്ചേഞ്ച് സ്ഥാപനങ്ങളും ബാങ്കുകളും 24 രൂപക്ക് മുകളിൽ വിനിമയ നിരക്ക് നൽകി.
വിനിമയ നിരക്ക് ഉയർന്നത് പ്രവാസികൾക്ക് ഗുണകരമാണ്. എന്നാൽ, നാട്ടിൽ വിലക്കയറ്റം അടക്കമുള്ള പ്രത്യാഘാതങ്ങൾ ഇതുമൂലം ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്. വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. മാസത്തിന്റെ അവസാന ദിവസങ്ങളായതിനാൽ ധനവിനിമയ സ്ഥാപനങ്ങളിൽ വലിയ രീതിയിൽ തിരക്ക് വർധിച്ചിട്ടില്ല. അതേസമയം ശമ്പളം ലഭിക്കുന്ന തീയതികളിൽ നിരക്ക് വർധന തുടരുകയാണെങ്കിൽ തിരക്ക് കൂടുമെന്നാണ് സ്ഥാപനങ്ങളുടെ പ്രതീക്ഷ.
ആഴ്ചകൾക്കുമുമ്പ് യു.എസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയതോടെയാണ് രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം യു.എസ് ഡോളറുമായിട്ടുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂപ്പുകുത്തി. വ്യാപാരം തുടങ്ങുമ്പോൾ 88.41 ആയിരുന്ന രൂപ 88.79 വരെ പോകുകയും അവസാനം 88.7550 എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. ആദ്യമായാണ് രൂപക്ക് ഒരു ദിവസം ഇത്രയും മൂല്യശോഷണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രൂപ ഇടിയാൻ കാരണം പ്രധാനമായും അമേരിക്ക എച്ച് വൺ ബി വിസ നിരക്ക് കുത്തനെ കൂട്ടിയതാണ്. ഈ വർഷം ഇതിനകം 2.8 ശതമാനത്തോളം രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ട്.
നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന മൂല്യം സെപ്റ്റംബർ 11ന് 88.47 ആയിരുന്നു. ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയാണ് രൂപയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

