വിനിമയ നിരക്ക് റെക്കോഡിൽ; ദിർഹമിന് 25.20 രൂപ
text_fieldsദുബൈ: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം റെക്കോഡ് തകർച്ച നേരിട്ടതിന് പിന്നാലെ ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് ഉയർന്നു. ഡോളറിനെതിരെ 92.54 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നത്. ക്രൂഡ് വില ബാരലിന് 100 ഡോളർ പിന്നിട്ടതാണ് രൂപക്ക് ഭീഷണിയായത്. ഇതോടെ ദിർഹമിന് 25.20 രൂപ വരെ കഴിഞ്ഞ ദിവസം വിനിമയ നിരക്ക് ലഭിച്ചു.
രൂപയുടെ മൂല്യം വീണ്ടും കുറയുകയാണെങ്കിൽ ദിർഹമിന്റെ വിനിമയ നിരക്ക് വീണ്ടും കൂടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വിനിമയനിരക്ക് വർധിച്ചതോടെ പ്രവാസികൾക്ക് പണമയക്കാൻ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. അതേസമയം നാട്ടിൽ വിലക്കയറ്റം രൂപപ്പെടുമെന്ന ആശങ്ക പ്രവാസികൾക്കുമുണ്ട്. അതേമസയം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അയക്കുന്ന പണത്തിന്‍റെ തോത് വർധിക്കുകയാണെങ്കിൽ ഇന്ത്യക്ക് ഗുണകരമാകും.
മറ്റു ഗൾഫ് രാജ്യങ്ങളിലെ വിനിമയ നിരക്കിലും സമാന വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ വിവിധ ഘട്ടങ്ങളിലായി വിനിമയനിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ആഗോള വിപണിയിലെ മാറ്റങ്ങളും യു.എസിന്റെ താരിഫ് ചുമത്തൽ അടക്കമുള്ള നടപടികളും രൂപയുടെ മൂല്യത്തെ ബാധിച്ചതോടെ ഇടക്കാലത്ത് വീണ്ടും നിരക്ക് ഉയർന്നു. ഇതാണ് പുതിയ സംഭവവികാസങ്ങളുടെ പശ്ചാലത്തിൽ വീണ്ടും ഉയർന്നിരിക്കുന്നത്.
ഫെബ്രുവരി 28ന് മേഖലയിൽ സംഘർഷം രൂപപ്പെടുന്നതിന് മുമ്പ് ബാരലിന് 70 ഡോളർ ആയിരുന്ന എണ്ണവില 100 ഡോളർ കടന്നിട്ടുണ്ട്. ഇന്ത്യ വൻതോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ കറൻസിക്ക് കനത്ത സമ്മർദം നേരിടേണ്ടിവരും. ഇതാണ് മൂല്യത്തെ ബാധിക്കുന്നത്. ഇറാൻ യുദ്ധം ആരംഭിച്ചതു മുതൽ രൂപയുടെ മൂല്യത്തിൽ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം ആഗോള ധനകാര്യ വിപണികളിൽ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായ ഘടകമാണ്. അതേസമയം മറ്റ് വികസ്വര രാജ്യങ്ങളിലെ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

