വിനിമയനിരക്ക് വീണ്ടും കൂടി: പണമയക്കാൻ പ്രവാസികൾക്ക് സുവർണാവസരം
text_fieldsദുബൈ: രൂപയുടെ മൂല്യമിടിഞ്ഞതോടെ വിനിമയനിരക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കൂടിയ സംഖ്യയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ഒരു യു.എ.ഇ ദിർഹമിന് 20.42 ഇന്ത്യൻ രൂപയാണ് എൻ.ബി.ഡി ബാങ്കിൽ വിനിമയനിരക്ക്. ഇത് അൽപം കൂടിയും കുറഞ്ഞും വിവിധ സമയങ്ങളിൽ മാറിമറിയുന്നുണ്ട്. 20.59 രൂപ വരെ കഴിഞ്ഞ ദിവസം ചില സമയത്ത് ലഭിച്ചിട്ടുമുണ്ട്. സമീപകാലത്തെ ഏറ്റവും മികച്ച വിനിമയ നിരക്ക് ലഭ്യമായതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലെ പ്രവാസികൾക്കും പണമയക്കാൻ അനുകൂല സാഹചര്യമാണ്. കഴിഞ്ഞദിവസം സൗദി റിയാലിന് 20.11, ഖത്തർ റിയാലിന് 20.71, ഒമാനി റിയാലിന് 195.91, കുവൈത്ത് ദീനാറിന് 249.99, ബഹ്റൈൻ ദീനാറിന് 200.09 എന്നിങ്ങനെയാണ് വിനിമയനിരക്ക്. കഴിഞ്ഞമാസം യു.എ.ഇ ദിർഹമിന് 20 രൂപയിലും താഴെയായിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില വർധിച്ചതോടെയാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായത്. കഴിഞ്ഞ ആഴ്ച മുതലാണ് രൂപക്ക് തിരിച്ചടി നേരിട്ടുതുടങ്ങിയത്. എണ്ണ വിലവർധനക്ക് പുറമെ കൽക്കരിയുടെ ലഭ്യതക്കുറവ് സൃഷ്ടിച്ച പ്രതിസന്ധിയും പ്രതികൂലമായി ബാധിച്ചു. കുറച്ചുദിവസങ്ങൾ കൂടി വലിയ മാറ്റമില്ലാതെ വിനിമയനിരക്ക് തുടരുമെന്നാണ് കരുതുന്നത്. എന്നാൽ, എണ്ണവിലയിൽ മാറ്റമുണ്ടാകുന്നതോടെ വീണ്ടും നിരക്ക് താഴേക്ക് പോകാനും സാധ്യതയുണ്ട്. ഈ മാസം തുടക്കത്തിൽ വിനിമയനിരക്ക് വർധിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

