വീട്ടിൽ വേണ്ട, വ്യായാമത്തിന് ലോക്ഡൗൺ
text_fieldsലോക്ഡൗൺ കാലത്ത് വീടുകളിലൊതുങ്ങിയതോടെ വ്യായാമത്തോട് ബൈ ബൈ പറഞ്ഞിരിക്കുകയാണ് നമ്മളിൽ പലരും. ജിമ്മും ജോഗിങ്ങുമൊക്കെ സ്ഥിരമാക്കിയവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വീട്ടിലല്ലേ എപ്പോഴെങ്കിലും എണീറ്റാൽ മതിയല്ലോ എന്ന ചിന്ത വന്നതോടെ മടിയും അൽപം കൂടിയിട്ടുണ്ടാവും. എന്നാൽ, ശരീരചലനവും മാനസിക ഉല്ലാസവും ലോക്ഡൗണിലാകാതിരിക്കാൻ വ്യായാമങ്ങൾ തുടർന്നേ പറ്റൂ. വീട്ടിലെ ഇത്തിരിവട്ടത്തിൽതന്നെ ഉപകരണങ്ങളൊന്നുമില്ലാതെ വ്യായാമം ചെയ്യാനുള്ള വിദ്യകളേറെയുണ്ട്. എങ്കിലും പേശികളുടെ ഉറപ്പും ഹൃദയ-ശ്വാസകോശങ്ങളുടെ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുന്നതും ചെറിയ സമയംകൊണ്ട് ചെയ്യാനാവുന്നതുമായ വ്യായാമങ്ങളാണ് വീട്ടിൽനിന്ന് ചെയ്യാൻ നല്ലത്.
ദിവസവും നിശ്ചിത സമയം മാറ്റിവെക്കുകതന്നെ വേണം. തോന്നുമ്പോൾ ചെയ്യുന്നതിന് പകരം എല്ലാ ദിവസവും ഒരേ സമയംതന്നെ ചെയ്യുക. രാവിലെ ഉറങ്ങി എണീറ്റ ഉടൻ ചെയ്യാനാകുമെങ്കിൽ നല്ലത്. ദിവസവും 30 മുതൽ 40 മിനിറ്റ് വരെ വ്യായാമം ചെയ്യാം. പേശികളുടെയും നട്ടെല്ലിെൻറയും ബലത്തിനുവേണ്ടിയുള്ള വ്യായാമങ്ങളിൽ തുടങ്ങാം. ശരീരം പിണച്ചുവെച്ചുള്ള ട്വിസ്റ്റിങ് എക്സർസൈസ് ചെയ്താൽ നട്ടെല്ലിെല കശേരുക്കൾക്ക് ഉൾപ്പെടെ ഫലം ലഭിക്കും. ഒരു കാൽ ഉയർത്തിയുള്ള സിംഗ്ൾ ലെഗ് റൈസിങ്, കമിഴ്ന്നു കിടന്ന് കാലിെൻറ ഭാഗവും നെഞ്ചിെൻറ ഭാഗവും ഉയർത്തിയുള്ള കോബ്ര പൊസിഷനും ചെയ്യാം. പേശികൾക്ക് ബലം ലഭിക്കാൻ ക്രഞ്ചസ് നന്നായി ചെയ്യുക. പുഷ്അപ്, സിറ്റ് അപ്, റോപ് ഉപയോഗിച്ചുള്ള സ്കിപ്പിങ്, ഒരു കാൽ മുന്നോട്ടുവെച്ച് രണ്ടാമത്തെ കാൽ ബെൻഡ് ചെയ്തുള്ള ലഞ്ചസ്, ഇരുന്ന് എഴുന്നേൽക്കുന്ന സ്ക്വാട്ട്സ്, കാൽപാദങ്ങൾക്ക് ബലം കൊടുത്തുള്ള കാഫ്സ് എക്സർസൈസ് എന്നിവകൂടി തുടക്കത്തിൽ 10 പ്രാവശ്യം വീതം ചെയ്യാനായാൽ പേശികൾക്കും നട്ടെല്ലിനും ബലം ലഭിക്കുന്ന എല്ലാ വ്യായാമങ്ങളുമായി. പിന്നെ പതിയെ എണ്ണം കൂട്ടാം. പുറത്തിറങ്ങാൻ കഴിയില്ലെങ്കിലും അപ്പാർട്മെൻറുകളിലെ സ്റ്റേർകേസുകൾ മൂന്നു പ്രാവശ്യമെങ്കിലും കയറുകയും ഇറങ്ങുകയും ചെയ്താൽ ഹൃദയത്തിെൻറ പ്രവർത്തനങ്ങളും ഓകെ ആക്കാം. ദീർഘനിശ്വാസമെടുത്ത് അഞ്ചു വരെ എണ്ണി സാവധാനം പുറത്തേക്കു വിടുന്ന വ്യായാമം പതിവാക്കിയാൽ ശ്വാസകോശങ്ങളുടെ പ്രവർത്തനങ്ങളും സുഖമായി നടക്കും. തുടക്കത്തിലെ ശരീരവേദന കാര്യമാക്കേണ്ട. അസഹ്യമായ വേദന തോന്നുന്നുവെങ്കിൽ ഒരു ദിവസം ബ്രേക്ക് കൊടുത്ത് വീണ്ടും തുടരാം. അപ്പോഴേക്കും എല്ലാ ഓകെ ആയേക്കും.
വർക്ക് ഫ്രം ഹോം കാലമായതിനാൽ ഇരുപ്പിലും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. 20 മിനിറ്റിലധികം ഒരിക്കലും ഒറ്റയിരിപ്പ് വേണ്ട. ഓരോ 20 മിനിറ്റിലും എഴുന്നേറ്റ് വീട് മൊത്തം ഒന്ന് റൗണ്ടടിച്ച് തിരികെ വീണ്ടും ഇരിക്കാം. വ്യായാമത്തിനൊപ്പം ഭക്ഷണത്തിലും അൽപം കരുതൽ വേണം. കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നത് അസ്ഥികളുടെ ബലത്തിനും പേശികളുടെ ദൃഢതക്കും ഗുണകരമാകും. ഫാമിലി മൊത്തം ഇപ്പോൾ വീട്ടിലില്ലേ? എല്ലാവരും ഒന്നിച്ചുകൂട്ടി വ്യായാമം തുടങ്ങിനോക്കൂ. കുടുംബവും കുട്ടികളുമുൾപ്പെടെ എല്ലാവരെയും കൂട്ടി അൽപം പശ്ചാത്തലസംഗീതംകൂടി വെച്ച് വ്യായാമം ചെയ്തുനോക്കൂ. കുടുംബമാകെ വലിയ സന്തോഷം നിറക്കുന്ന നല്ലൊരു വിനോദമായി അതു മാറിയേക്കും. ഇതിനുള്ള സുവർണാവസരമാണ് ഇൗ കാലം. ലോക്ഡൗൺ കാലം അവസാനിച്ചാലും വ്യായാമം ലോക്കിലാവില്ലെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
