സന്ദർശകർക്ക് മികച്ച യാത്രാനുഭവം; ജി.ഡി.ആർ.എഫ്.എക്ക് അന്താരാഷ്ട്ര പുരസ്കാരം
text_fieldsദുബൈ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ യു.കെ ഐഡിയാസ് പുരസ്കാരം ഏറ്റുവാങ്ങുന്നു
ദുബൈ: സന്ദർശകർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജി.ഡി.ആർ.എഫ്.എ) അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ ‘യു.കെ ഐഡിയാസ്’ പുരസ്കാരത്തിൽ ‘വാല്യു ഫോർ മണി’ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് ജി.ഡി.ആർ.എഫ്.എ കരസ്ഥമാക്കിയത്. ദുബൈയിലേക്കെത്തുന്ന സന്ദർശകർക്ക് സേവനങ്ങൾ എളുപ്പമാക്കുന്നതിനായി ആവിഷ്കരിച്ച ‘ഫ്രം അറൈവൽ ടു സർവിസസ്: സീംലെസ് കണക്ഷൻ ഫോർ എവരി വിസിറ്റർ’ എന്ന പദ്ധതിക്കാണ് അംഗീകാരം. സന്ദർശകർ ദുബൈയിൽ എത്തുന്ന നിമിഷം മുതൽ അവർക്കാവശ്യമായ സേവനങ്ങൾ തടസ്സരഹിതമായും കാര്യക്ഷമമായും ലഭ്യമാക്കുന്നതാണ് പദ്ധതി. യാത്രക്കാർക്ക് ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ സുഗമമായ യാത്ര ഉറപ്പുവരുത്തുകയെന്ന യു.എ.ഇയുടെ കാഴ്ചപ്പാടാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ദേശീയ നയങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ലീഡർഷിപ് ആൻഡ് ഫ്യൂച്ചർ സെക്ടർ അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ പറഞ്ഞു.
ജനങ്ങളുടെ സംതൃപ്തിക്കും വികസനത്തിനും മുൻഗണന നൽകുന്ന ദുബൈയുടെ യശസ്സ് ഉയർത്താൻ ഇത്തരം നേട്ടങ്ങൾ സഹായിക്കുമെന്നും ബ്രിഗേഡിയർ അബ്ദുൽ സമദ് വ്യക്തമാക്കി. ആഗോളതലത്തിൽതന്നെ ഏറ്റവും മികച്ച സർക്കാർ സ്ഥാപനങ്ങളിലൊന്നായി ജി.ഡി.ആർ.എഫ്.എയെ മാറ്റുന്നതിൽ ഇത്തരം പദ്ധതികൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

