പരീക്ഷ തട്ടിപ്പിന് കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം
text_fieldsദുബൈ: എമിറേറ്റിലെ പൊതു, സ്വകാര്യ സ്കൂളുകളിൽ ആദ്യ ടേം പരീക്ഷകൾ തുടങ്ങാനിരിക്കെ പരീക്ഷ തട്ടിപ്പിനെതിരെ കർശന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷ തട്ടിപ്പ് നടത്തുന്ന വിദ്യാർഥികൾക്ക് പൂജ്യം മാർക്കും സ്വഭാവ സർട്ടിഫിക്കറ്റിൽ 12 പോയന്റിന്റെ കുറവ് വരുത്തുകയും ചെയ്യും. അധ്യാപകരോ സ്കൂൾ ജീവനക്കാരെ പരീക്ഷ തട്ടിപ്പിന് കൂട്ടുനിന്നാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴയായിരിക്കും ശിക്ഷയെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പു നൽകി.
പിഴശിക്ഷ ഉൾപ്പെടെ മാർഗനിർദേശങ്ങൾ അടങ്ങിയ പ്രത്യേക സർക്കുലർ എമിറേറ്റിലെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രാലയം അയച്ചിരിക്കുകയാണ്. ദേശീയ മൂല്യനിർണയ സംവിധാനത്തിന്റെ സമഗ്രതയും നീതിയും സംരക്ഷിക്കുന്നതിനും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരങ്ങൾ ഉറപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ഗ്രേഡിങ്ങിനുള്ള ഒരുക്കങ്ങൾ മുതൽ പരീക്ഷ നടപടിക്രമങ്ങളുടെ മുഴുവൻ ഘട്ടങ്ങളും നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ പുതിയ സർക്കുലറിൽ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. അക്കാദമികമായ സത്യസന്ധത നിലനിർത്തേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും ഇൻവിജിലേറ്റർമാരുടെ മാത്രമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നീതിയുടെയും സത്യസന്ധതയുടെയും പരീക്ഷ നടപടികളിലുടനീളമുള്ള വിശ്വാസ്യതയുടെയും മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് പരീക്ഷ തട്ടിപ്പിന്റെ അനന്തരഫലങ്ങളും അച്ചടക്ക നടപടികളും സംബന്ധിച്ച് വിദ്യാർഥികൾക്ക് കൃത്യമായ ബോധവത്കരണം നൽകണം. പരീക്ഷ മാർഗനിർദേശങ്ങൾ സ്കൂളിൽ പ്രചരിപ്പിക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന്റെ ചുമതല സംബന്ധിച്ചും പരീക്ഷയുടെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആഭ്യന്തരമായി മേൽനോട്ട സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ചും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേടുകൾ സംഭവിച്ചാൽ രേഖാമൂലം വിശദമായ റിപ്പോർട്ട് ഔദ്യോഗിക മാർഗങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിക്കണം.
ക്രമക്കേട് നടത്തുന്ന വിദ്യാർഥികളെ ‘പെരുമാറ്റ വിലയിരുത്തൽ’ സംരംഭത്തിൽ പങ്കെടുപ്പിക്കണം. പരീക്ഷ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗം, ചോദ്യപ്പേപ്പറുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, പരീക്ഷ പേപ്പറുകൾ ഫോട്ടോ എടുക്കുക, മറ്റ് വിദ്യാർഥികളെ സഹായിക്കുക, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി പരീക്ഷ വിവരങ്ങൾ ചോർത്തുക തുടങ്ങിയ നിരോധിച്ച നടപടികളെക്കുറിച്ചും മാർഗനിർദേശത്തിൽ വിശദീകരിച്ചിട്ടുണ്ട്. നവംബർ 20നാണ് സ്കൂളുകളിൽ ആദ്യഘട്ട പരീക്ഷകൾ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

