കുട്ടികളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച മുന്‍ ഭര്‍ത്താവ് 10,000 ദിര്‍ഹം നല്‍കണം
text_fieldsഅബൂദബി: കോടതി വിധിയുണ്ടായിട്ടും മക്കളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാതാവിനുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് മുന്‍ ഭര്‍ത്താവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അല്‍ ഐന്‍ സിവില്‍, കൊമേഴ്സ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസ് കോടതി ഉത്തരവിട്ടു. രണ്ടു മക്കളുടെയും സംരക്ഷണാവകാശം തനിക്ക് നല്‍കിക്കൊണ്ടുള്ള അന്തിമ കോടതി വിധി നിലനില്‍ക്കെയാണ് മുന്‍ ഭര്‍ത്താവ് കുട്ടികളെ കൈമാറാന്‍ തയാറാകാതിരുന്നത്. തുടര്‍ന്ന് തനിക്കുണ്ടായ സാമ്പത്തിക, മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരമായി 45,000 ദിര്‍ഹം നഷ്ടപരിഹാരവും, കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ തുക പൂര്‍ണമായി അടച്ചുതീര്‍ക്കുന്നതുവരെ 12 ശതമാനം നിയമപരമായ പലിശയും, കോടതി ചെലവുകളും മുന്‍ ഭര്‍ത്താവില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കേസ് ഫയല്‍ ചെയ്തത്.
മക്കളെ വിട്ടുകൊടുക്കാനുള്ള കോടതി വിധി നടപ്പിലാക്കല്‍ നടപടികളിലേക്ക് കടന്നിട്ടും പ്രതി വഴങ്ങിയില്ലെന്നും, തുടര്‍ന്ന് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും ഒരു മാസത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നുവെന്നും യുവതി ചൂണ്ടിക്കാട്ടി. മൂന്നു വര്‍ഷത്തേക്ക് ശിക്ഷാ നടത്തിപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. നിയമനടപടികള്‍ക്കും എക്‌സിക്യൂഷന്‍ നടപടികള്‍ക്കും അധികൃതര്‍ക്ക് മുമ്പാകെ കയറിയിറങ്ങിയതിനും വലിയ തുക ചെലവായെന്നും, മക്കളെ പിരിഞ്ഞിരിക്കേണ്ടി വന്നത് മാനസിക വിഷമവും ആശങ്കയും ഉണ്ടാക്കിയെന്നും യുവതി വാദിച്ചു.

