ചെറു അശ്രദ്ധപോലും ജീവൻ അപകടത്തിലാക്കും
text_fieldsഅബൂദബി പൊലീസ് പുറത്തുവിട്ട റോഡ് അപകട ദൃശ്യങ്ങള്‍
അബൂദബി: ഡ്രൈവിങ്ങിനിടയിലുള്ള അശ്രദ്ധയും കൃത്യമായ മുന്‍കരുതലില്ലാതെ റോഡിലേക്ക് വാഹനം പ്രവേശിക്കുന്നതും മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം അശ്രദ്ധകള്‍ മൂലം ഉണ്ടായ രണ്ട് വാഹനാപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ‘ലക്കും അല്‍ തഅ്‌ലീഖ്’ (നിങ്ങളുടെ അഭിപ്രായം) എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് അപകട ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ആദ്യ സംഭവത്തില്‍, പ്രധാന റോഡിലെ ട്രാഫിക് ശ്രദ്ധിക്കാതെ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ പെട്ടെന്ന് റോഡിലേക്ക് പ്രവേശിക്കുകയും പിന്നാലെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണം വിട്ട മറ്റൊരു വാഹനം മറ്റ് ട്രാക്കുകളിലെ വാഹനങ്ങളിലും ഇടിച്ച് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. രണ്ടാമത്തെ അപകടത്തില്‍, ഇന്‍ഡിക്കേറ്റര്‍ ഇട്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മാറിയതിനാല്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ മറിയുകയായിരുന്നു. റോഡിലെ ബാരിയറുകളില്‍ ഇടിച്ചു മറിഞ്ഞ വാഹനം മറ്റു യാത്രക്കാരുടെ ജീവനും ഭീഷണിയായി.
ഇത്തരം അപകടങ്ങള്‍ ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണം അശ്രദ്ധയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതുമാണെന്ന് പൊലീസ് വ്യക്തമാക്കി. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. നിയമലംഘകര്‍ക്കെതിരെ കടുത്ത പിഴയും ശിക്ഷയുമാണ് നിലവിലുള്ളത്.
അശ്രദ്ധമായ ഡ്രൈവിങ്ങിന് 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റുകളും സുരക്ഷിതമല്ലാതെ റോഡിലേക്ക് പ്രവേശിക്കലിന് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.
വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതും ശ്രദ്ധ മാറ്റുന്ന മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും ഒഴിവാക്കണമെന്നും റോഡില്‍ പ്രവേശിക്കുന്നതിന് മുമ്പ് വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

