ഇ.വി വാഹനങ്ങള്‍ക്ക് രാജ്യവ്യാപക ചാര്‍ജിങ് സ്റ്റേഷന് ശൃംഖല; പുതിയ നിയമനിര്‍മാണം ഉടൻ
text_fieldsഅബൂദബി ദേശീയ പ്രദര്‍ശന കേന്ദ്രത്തിൽ നടക്കുന്ന രണ്ടാമത് ഇലക്ട്രോണിക് വെഹിക്കിള്‍സ്
ഇന്നവേഷന്‍ ഉച്ചകോടിയില്‍ ഊര്‍ജ, അടിസ്ഥാനസൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ്
അല്‍ മസ്റൂയി സന്ദര്‍ശനത്തിനെത്തിയപ്പോള്‍
അബൂദബി: വൈദ്യുതി വാഹനങ്ങള്‍ക്കായി രാജ്യ വ്യാപകമായി ചാര്‍ജിങ് സ്റ്റേഷന് ശൃംഖല സ്ഥാപിക്കുന്നതിനും അതിനായുള്ള പുതിയ നിയമനിര്‍മാണത്തിനും യു.എ.ഇ. തുടക്കമിട്ടതായി ഊര്‍ജ, അടിസ്ഥാനസൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൂയി. അബൂദബി ദേശീയ പ്രദര്‍ശന കേന്ദ്രത്തിൽ (അഡ്നെക്) നടക്കുന്ന രണ്ടാമത് ഇലക്ട്രോണിക് വെഹിക്കിള്‍സ് ഇന്നൊവേഷന് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവിയിലെ പരിസ്ഥിതിസൗഹൃദ ഗതാഗതത്തിലേക്കുള്ള യു.എ.ഇയുടെ പ്രയാണത്തെ വൈദ്യുതി വാഹനങ്ങള്‍ അതിവേഗം നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത ഗതാഗതമാര്ഗത്തിന്റെ സത്തയാണ് ഇലക്ട്രോണിക് വാഹനങ്ങൾ. കാര്‍ബണ്‍ പുറന്തള്ളുന്ന മേഖലകളെ കൂട്ടായും ത്വരിതഗതിയിലും ഇതിൽനിന്ന് മുക്തമാക്കുന്നതിലൂടെ മാത്രമേ കാര്‍ബണ്‍മുക്ത ലക്ഷ്യം കൈവരിക്കാനാവൂ. രാജ്യത്തെ ഇലക്ട്രോണിക് വാഹന വിപണി മികച്ച നിക്ഷേപാവസരമാണ് പ്രദാനം ചെയ്യുന്നത്. ഈ അവസരങ്ങളെ വിനിയോഗിക്കാൻ ദീര്‍ഘവീക്ഷണമുള്ള കമ്പനികളെ യു.എ.ഇ സ്വാഗതം ചെയ്യുകയാണ്. ഇലക്ട്രോണിക് വാഹന വിപണയില്‍ യു.എ.ഇ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്.
യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കിയ അനേക പദ്ധതികള്‍ ജനങ്ങളെ ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് നല്‍കുന്നത്. വര്‍ധിച്ചുവരുന്ന ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി പുതിയ നിയമനിര്‍മാണം നടത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിലവില്‍ 500 ചാര്‍ജിങ് സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. വരുംവര്‍ഷങ്ങളില്‍ ഇത് 800 ആക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
ഉച്ചകോടിയുടെ ഭാഗമായ ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രദര്‍ശനം അദ്ദേഹം ചുറ്റിക്കണ്ടു. വിവിധ കമ്പനികളുടേതായി അമ്പതിലേറെ ഇലക്ട്രോണിക് വാഹനങ്ങളാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ജീലി, സ്കൈ വെല്‍, ടെസ്ല, ബിവൈഡി, പോളിസ്റ്റര്‍ തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളാണ് അബൂദബി ആസ്ഥാനമായ നിര്‍വാണ ഹോള്‍ഡിങ് സംഘടിപ്പിച്ച പ്രദര്‍ശനത്തിന് വാഹനങ്ങളെത്തിച്ചത്. ഇലക്ട്രോണിക് വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവിനും പ്രദര്‍ശനത്തില്‍ അവസരമുണ്ടായിരുന്നു. പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

