ദുബൈയിൽ പാർക്കിങ്ങിനൊപ്പം ഇ.വി ചാർജിങ്
text_fieldsപാർക്കിങ് ഇടങ്ങളിൽ ഇ.വി ചാർജിങ് സംവിധാനം ഒരുക്കുന്നതിനായി ദീവയും പാർക്കിനുമായി കരാറിൽ ഒപ്പുവെക്കുന്നു
ദുബൈ: എമിറേറ്റിലെ പെയ്ഡ് പാർക്കിങ് സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ദുബൈയിലെ പാർക്കിങ് മേഖലകൾ നിയന്ത്രിക്കുന്ന സ്ഥാപനമായ ‘പാർക്കിനു’മായി കൈകോർത്ത് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായുള്ള കരാറിൽ ഇരുവരും ഒപ്പുവെച്ചു. ഈ വർഷം അവസാനത്തോടെ ദുബൈയിൽ ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 30,000ലെത്തുമെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. വരും വർഷങ്ങളിൽ ഇതിന്റെ എണ്ണം വർധിപ്പിക്കും. ഇ.വി ഗ്രീൻ ചാർജർ സംരംഭത്തിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുടെ എണ്ണം ഇക്കഴിഞ്ഞ മാർച്ചോടെ 15,000 കടന്നതായും അദ്ദേഹം അറിയിച്ചു.
ഇ.വി ചാർജിങ് മേഖലയിലെ വരുമാനം സാധ്യതകൾ തേടുകയാണെന്ന് നേരത്തേ പാർക്കിൻ വ്യക്തമാക്കിയിരുന്നു. പുതിയ സംവിധാനം വരുന്നതോടെ പാർക്കിങ് ഇടങ്ങളിൽ വാഹനം നിർത്തിയിട്ട് വാഹന ഉടമകൾക്ക് എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. പാർക്കിനിന്റെ വിപുലമായ പാർക്കിങ് ശൃംഖലകൾ ഇതിനായി പരിവർത്തിപ്പിക്കും. ദുബൈയിൽ 197,000 പാർക്കിങ് ഇടങ്ങളാണ് പാർക്കിൻ നിയന്ത്രണത്തിലുള്ളത്. 2015 മുതൽ 2024 മാർച്ച് അവസാനംവരെയുള്ള കണക്കുകൾ പ്രകാരം ഇ.വി ചാർജർ സംരംഭത്തിലൂടെ ഏതാണ്ട് 130 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കാനുള്ള ഊർജം നൽകിയിട്ടുണ്ട്.
ആർ.ടി.എയിൽ ഒരുതവണ ഇ.വി വാഹനങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ദീവ അവർക്കായി ഒരു ഇ.വി ഗ്രീൻ ചാർജർ അക്കൗണ്ട് സൃഷ്ടിക്കും. ഇതുവഴി അവർക്ക് ഒരു മണിക്കൂറിനുള്ളിൽ ഇ.വി വാഹനങ്ങൾ പാർക്കിങ് ഏരിയയിൽനിന്ന് ചാർജ് ചെയ്യാൻ കഴിയും. ആർ.ടി.എയിൽ രജിസ്റ്റർ ചെയ്യാത്തവർ ഉൾപ്പെടെ മുഴുവൻ ഉപഭോക്താക്കൾക്ക് ഗസ്റ്റ് മോഡ് ഉപയോഗിച്ച് ചാർജ് ചെയ്യാനുള്ള അവസരവുമുണ്ടാകും.
ദുബൈയിൽ ഇ.വി വാഹനങ്ങളുടെ എണ്ണം ഓരോ ദിവസവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇ.വി ചാർജിങ് മേഖല വിപുലപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി സുസ്ഥിരമായ ഗതാഗത സംവിധാനത്തിലേക്ക് മാറാനും അതോടൊപ്പം ചാർജിങ് സ്റ്റേഷനുകൾ വഴി വരുമാനം വർധിപ്പിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

