വിദ്യാർഥികൾക്ക് ഓഫറുമായി ഇത്തിഹാദ്
text_fieldsഅബൂദബി: വിദ്യാർഥികൾക്ക് യാത്ര ഓഫറുമായി ഇത്തിഹാദ് എയർവേസ്. പഠിക്കുന്ന സർവകലാശാലക്കും താമസ സ്ഥലത്തിനുമിടയിൽ യാത്ര ചെയ്യുന്നതിനാണ് 'ഗ്ലോബൽ സ്റ്റുഡൻറ് ഓഫർ' പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബർ 30നും 2021 സെപ്റ്റംബർ 30നും ഇടയിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം. ഇക്കണോമി ടിക്കറ്റുകൾക്ക് 10 ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും ആനുകൂല്യം ലഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.
ഒരേ റിസർവേഷനിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നതിനാൽ വിദ്യാർഥികൾക്കൊപ്പം യാത്രചെയ്യുന്ന കുടുംബാംഗങ്ങൾക്കും ഈ ആനുകൂല്യത്തിെൻറ പ്രയോജനം ലഭിക്കും. ഇവർക്ക് ഇക്കോണമി ക്ലാസിൽ 40 കിലോ വരെയും ബിസിനസ് ക്ലാസിൽ 50 കിലോ വരെയും ബാഗേജ് കൊണ്ടുപോകാം.യു.എസ്.എ, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് അധിക ചെക്ക്ഡ് ബാഗ് സൗകര്യവും ഉണ്ടായിരിക്കും.യാത്രക്ക് 96 മണിക്കൂർ മുമ്പ് സൗജന്യമായി തീയതി മാറ്റവും അനുവദിക്കുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.

