ചരിത്രനഗരമായ ലിസ്ബനിലേക്ക് പറന്നിറങ്ങി ഇത്തിഹാദ്
text_fieldsഅബൂദബി: യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന്റെ ആദ്യ ലിസ്ബന് സര്‍വിസിന് ഞായറാഴ്ച തുടക്കമായി. അബൂദബിയില്‍നിന്ന് പോർചുഗല്‍ തലസ്ഥാനമായ ലിസ്ബനിലേക്കുള്ള ഇത്തിഹാദിന്റെ സ്ഥിര സര്‍വിസിന്റെ ഉദ്ഘാടന സര്‍വിസായിരുന്നു ഞായറാഴ്ച പറന്നിറങ്ങിയത്.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്ര തുടങ്ങിയ ഇവൈ 63 വിമാനം ലിസ്ബനില്‍ ഇറങ്ങുന്ന സമയം ക്യാപ്റ്റന്മാര് കോക്പിറ്റിലിരുന്ന് യു.എ.ഇ, പോർചുഗല്‍ പതാക വീശി സന്തോഷം പങ്കിട്ടു.
ആഴ്ചയില്‍ മൂന്നു സര്‍വിസുകളാണ് ഇത്തിഹാദ് ലിസ്ബനിലേക്ക് നടത്തുക. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാവും സര്‍വിസുകള്‍. ബിസിനസ് ക്ലാസില്‍ 28 സീറ്റുകളും 262 സീറ്റുകള്‍ ഇക്കോണമിയിലും ഉണ്ടാവും. ആഗോള ശൃംഖല വര്‍ധിപ്പിക്കുന്നതു തങ്ങള്‍ തുടരുമെന്നും ചരിത്രനഗരമായ ലിസ്ബനിലേക്ക് കൂടുതല്‍ അതിഥികളെ എത്തിക്കുമെന്നും ഇത്തിഹാദ് എയര്‍വേസ് സി.ഇ.ഒ അന്റോനോല്ഡോ നെവസ് പറഞ്ഞു.

