ഇത്തിഹാദ് റെയിൽ: ഐക്കാഡ് സിറ്റി ചരക്ക് ടെര്‍മിനലുമായി ബന്ധിപ്പിച്ചു
text_fieldsഇത്തിഹാദ് റെയിലിന്റെ ചരക്ക് വാഗണുകൾ
അബൂദബി: ഇത്തിഹാദ് റെയിലിനെ അബൂദബിയുടെ വ്യവസായ മേഖലയായ ഐക്കാഡ് സിറ്റിയിലെ പ്രധാന ചരക്ക് ടെര്‍മിനലുമായി ബന്ധിപ്പിച്ചു. ഇതിന്റെ പരീക്ഷണയോട്ടം പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. അബൂദബി വ്യവസായ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന റെയില്‍വേ ടെര്‍മിനലിനാവശ്യമായ സൗകര്യങ്ങള്‍ ഇത്തിഹാദ് റെയിലാണ് ചെയ്തുനല്‍കുന്നത്. ഇത്തിഹാദ് റെയിലിന്റെ പ്രധാനപാതയെ അബൂദബി വ്യവസായ നഗരത്തിലെ ചരക്ക് ടെര്‍മിനലുമായി ബന്ധിപ്പിക്കുന്നതിലൂടെ അബൂദബിയുടെ ചരക്കുനീക്കം നിരവധി ഇറക്കുമതി, കയറ്റുമതി പോയന്റുകളുമായി ബന്ധം ഉറപ്പുവരുത്തുന്നതാണെന്ന് ഇത്തിഹാദ് റെയില്‍ റിലേഷന്‍സ് സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു.
ഇത്തിഹാദ് റെയിലിന്റെ നിർമാണ പുരോഗതി അതിവേഗം പുരോഗമിക്കുകയാണ്. നിർമാണം പൂർത്തീകരിച്ച് പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ യു.എ.ഇയുടെ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും ഇത്തിഹാദ് റെയിൽ വലിയ സംഭാവന നൽകും. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും.
1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. മണിക്കൂറിൽ 200 കി. മീറ്റർ വേഗതയിലാണ് ട്രെയിൻ കുതിച്ചോടുക. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. യാത്രകൾ ബുക്ക് ചെയ്യാനും മറ്റു സേവനങ്ങൾക്കും സ്മാർട്ട് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

