ഇത്തിഹാദ് റെയിൽ വാഗണുകൾ എൻജിനുമായി ബന്ധിപ്പിച്ചു
text_fieldsവാഗണുകൾ എൻജിനുമായി ബന്ധിപ്പിച്ച ഇത്തിഹാദ് ട്രെയിൻ
ദുബൈ: ഇത്തിഹാദ് റെയിൽ പദ്ധതിക്ക് എത്തിച്ച പുതിയ ലോക്കോമോട്ടിവുകൾ വാഗണുകളുമായി ബന്ധിപ്പിച്ചു. വെള്ളിയാഴ്ചയാണ് ട്രെയിൻ എൻജിനുമായി വാഗണുകൾ ഘടിപ്പിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇത്തിഹാദ് റെയിലിന്‍റെ ആകെ വാഗണുകളുടെ എണ്ണം ആയിരത്തിലേറെ വരും. അബൂദബി സായിദ് തുറമുഖം വഴിയാണ് ചരക്ക് എത്തിയത്. പുതിയ മൾട്ടി-ഫങ്ഷനൽ വാഗണുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രൂപത്തിൽ നിർമിച്ചതാണെന്നും എല്ലാതരം ചരക്കുകളും കൊണ്ടുപോകുന്നതിന് യോജിച്ചതാണെന്നും അധികൃതർ വ്യക്തമാക്കി. റെയിൽ ശൃംഖലയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ പുതിയ ലോക്കോമോട്ടിവുകളും വാഗണുകളും ഇത്തിഹാദ് റെയിലിന്‍റെ അൽ മിർഫയിലെ കേന്ദ്രത്തിൽ സൂക്ഷിക്കുമെന്ന് നേരേത്ത അറിയിച്ചിരുന്നു. ലോക്കോമോട്ടിവുകൾ ഡീസലിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതാണ്.
പൾസ് സാൻഡ് ഫിൽട്ടറിങ് സംവിധാനം പോലുള്ള ഏറ്റവും പുതിയ രീതികളും സജ്ജീകരിച്ചതിനാൽ മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളിലും ഗതാഗതം സുഗമമായിരിക്കും. ഓരോ ലോക്കോമോട്ടിവിനും 100 വാഗണുകൾ വലിക്കാൻ കഴിയും, ഇത് 300 ട്രക്കുകളുടെ ശേഷിക്ക് തുല്യമാണ്. ഈ ട്രെയിനുകൾ കൊണ്ടുപോകുന്ന ചരക്കുകളുടെ അളവ് പ്രതിദിനം 5,600 ട്രക്ക് ട്രക്കുകൾക്ക് തുല്യമാണ്. ഗൾഫ് മേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥ സാഹചര്യങ്ങളും നേരിടാൻ സാധിക്കുന്ന തരത്തിൽ രൂപകൽപന ചെയ്തതാണ് പുതുതായി ഇറക്കുമതിചെയ്ത വാഗണുകൾ. അത്യാധുനിക ബ്രേക്കിങ്, സിഗ്നലിങ്, കൺട്രോൾ, കമ്യൂണിക്കേഷൻ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് വാഗണുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

