ഇത്തിഹാദ് റെയിലിൽ പരീക്ഷണ പാസഞ്ചർ സർവീസ്
text_fieldsഅബൂദബി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് റെയിലിലെ പാസഞ്ചർ സർവീസ് പരീക്ഷണയോട്ടം നടത്തി. സൗദി അതിർത്തിക്ക് സമീപമുള്ള അൽ ഗുവൈഫാത്ത് മുതൽ അബൂദബിയിലെ അൽ ഫായ സ്റ്റേഷനിലേക്കാണ് ചൊവ്വാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ സർവീസ് നടത്തിയത്. ദേശീയ റെയിൽ ശൃംഖല ഔദ്യോഗികമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയാണിത്.
പരീക്ഷണ സർവീസ് യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖലയുടെ സന്നദ്ധതയും സൗകര്യപ്രദമായ പ്രവർത്തന ശേഷിയും തെളിയിക്കുന്നതാണെന്ന് ഇത്തിഹാദ് റെയിലിന്റെ ചീഫ് പ്രോജക്റ്റ്സ് ഓഫീസർ മുഹമ്മദ് അൽ ശെഹി പറഞ്ഞു. എല്ലാ സാഹചര്യങ്ങളിലും അത്യാവശ്യ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനാണ് റെയിൽ പാത രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിലെ നിർണായക ഘടകമാണ് ഇത്തിഹാദ് റെയിലും മറ്റ് ഗതാഗത മാർഗങ്ങളുമെന്ന് അബൂദബിയിലെ അടിയന്തര ദുരന്ത നിവാരണ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറൽ മതാർ അൽ നുഐമി പറഞ്ഞു.
രാജ്യമൊട്ടാകെ 11 സ്റ്റേഷനുകളാണ് റെയിൽ പാതയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം പൊതുജനങ്ങൾക്ക് റെയിൽ വഴി യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിൽ ഓരോ സ്റ്റേഷനുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് പ്രദേശത്തും ഫുജൈറയിലെ സകംകം പ്രദേശത്തും സ്റ്റേഷൻ നിർമ്മാണം പുരോഗമിക്കുകയാണ്. അബൂദബിയിലെ മുസഫയിലും ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റിക്ക് സമീപവും സ്റ്റേഷനുകൾ പദ്ധതിയിലുണ്ട്. 11 നഗരങ്ങളെ ബന്ധിപ്പിക്കുകയാണ് ഇത്തിഹാദ് റെയിലിന്റെ ലക്ഷ്യം.
മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും. അബൂദബിയിൽ നിന്ന് ദുബൈ യാത്രക്ക് 57 മിനിറ്റ് മാത്രം മതിയാകും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിന്‍റെ യാത്ര മതി. വിവിധ എമിറേറ്റുകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി കരുത്തു പകരും. ഓരോ പാസഞ്ചർ ട്രെയിനിലും മൂന്ന് തരം കാബിനുകളാണുണ്ടാവുക. എക്കോണമി ക്ലാസ്, ഫാമിലി ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയാണ് കാബിനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

