ഇത്തിഹാദ് റെയിൽ യാത്രികർക്കായി ആപ്പ് തയാറാക്കും
text_fieldsഅബൂദബി: ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ ട്രെയിന്‍ അടുത്തവർഷം പ്രവര്‍ത്തനം തുടങ്ങാനിരിക്കെ യാത്രികര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ആപ്പ് സേവനം പ്രഖ്യാപിച്ച് അധികൃതര്‍. ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനിലെ യാത്രികര്‍ക്ക് തുടര്‍ യാത്രയുടെ ഭാഗമായി മെട്രോയിലും തുടര്‍ന്ന് ബസ്സിലോ കാറിലോ മറ്റോ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അതെല്ലാം ഒറ്റ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്ന സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങള്‍ക്കും അധികൃതര്‍ തുടക്കമിട്ടു കഴിഞ്ഞു. ഇത്തിഹാദ് റെയിൽ ശൃംഖലയെ ‘സിറ്റിമാപ്പർ ആപ്പു’മായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ഉപയോക്താക്കൾക്ക് ട്രെയിൻ, മെട്രോ, ബസ്, ഓൺ-ഡിമാൻഡ് റൈഡുകൾ, മൈക്രോമൊബിലിറ്റി ഓപ്ഷനുകൾ എന്നിവ സംയോജിപ്പിച്ച് പുറപ്പെടുന്നത് മുതൽ ലക്ഷ്യ സ്ഥാനത്ത് എത്തുന്ത് വരെയുള്ള യാത്രകൾ എളുപ്പമാക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായി ഇത്തിഹാദ് റെയില്‍, യുനൈറ്റഡ് ട്രാന്‍സ്, സിറ്റി മാപ്പര്‍ എന്നിവ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. പൊതുഗതാഗതം കൂടുതല്‍ എളുപ്പവും ആകര്‍ഷകവും ആക്കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്ത കരാറെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇത്തിഹാദ് റെയിലിലെ യാത്രയുടെ ഭാഗമായി മറ്റു യാത്രാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തേണ്ടി വരുന്നവര്‍ക്ക് ഇവയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒട്ടേറെ ആപ്പുകള്‍ ഉപയോഗിക്കുന്നതിനു പകരം എല്ലാം സമന്വയിപ്പിച്ച ഒറ്റ ആപ്പ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.
യാത്രാ പ്ലാനിങ് ആപ്പായ സിറ്റി മാപ്പര്‍ യാത്രയുടെ യഥാസമയ വിവരങ്ങള്‍ ഉപയോക്താവിനെ അറിയിക്കും. പോവുന്ന റൂട്ട്, ടിക്കറ്റ് നിരക്ക്, യാത്രാസൗകര്യങ്ങള്‍ താരതമ്യം ചെയ്യാള്ള സൗകര്യം, കൂടുതല്‍ ഉപയുക്തമായ യാത്രാരീതി തിരഞ്ഞെടുക്കാനുള്ള സൗകര്യം തുടങ്ങിയ ഇവയിലുണ്ടാകുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ എമിറേറ്റുകളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സര്‍വീസില്‍ ഒരു സമയം 400 പേര്‍ക്ക് സഞ്ചരിക്കാനാവും. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നിലവിൽ നാല് പാസഞ്ചർ സ്റ്റേഷനുകളാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽ പാത. മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും. അബൂദബിയിൽ നിന്ന് ദുബൈ യാത്രക്ക് 57 മിനിറ്റ് മാത്രം മതിയാകും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിന്റെ യാത്ര മതി. വിവിധ എമിറേറ്റുകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി കരുത്തു പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

