ഇത്തിഹാദ് റെയിൽ; ഏറ്റവും ഉയർന്ന പാലം പൂർത്തീകരണത്തിലേക്ക്
text_fieldsഫുജൈറയിലെ അൽ ബിത്ന പാലം
ദുബൈ: യു.എ.ഇ ദേശീയ റെയിൽ പദ്ധതിയുടെ ഭാഗമായ ഫുജൈറയിലെ അൽ ബിത്ന പാലം നിർമാണം പുരോഗമിക്കുന്നു. ഫുജൈറയെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പാലം രാജ്യത്തെ ഏറ്റവും ഉയരംകൂടിയ പാലമാണ്.
നിർമാണ പുരോഗതി വെളിപ്പെടുത്തുന്ന പാലത്തിന്റെ ചിത്രം കഴിഞ്ഞദിവസം ഇത്തിഹാദ് റെയിൽ അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. അൽ ബിത്ന പാലം ഫുജൈറ എമിറേറ്റിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനും പരിവർത്തിപ്പിക്കാനും നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. യു.എ.ഇക്ക് പുതിയ വ്യാപാര അവസരങ്ങൾ തുറക്കുകയും സാമ്പത്തിക വികസനം സാധ്യമാക്കുകയും ചെയ്യുന്നതാണ് പാലമെന്നും അധികൃതർ പറഞ്ഞു.
ഹജ്ർ പർവതനിരകളെ ബന്ധിപ്പിക്കുന്ന പാലം 600 മീറ്റർ ഉയരത്തിലാണ് കടന്നുപോകുന്നത്.
ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ദുബൈയിലെ ഏറ്റവും വലിയ പാലം നിർമാണം പൂർത്തിയായതായി കഴിഞ്ഞയാഴ്ച അധികൃതർ വെളിപ്പെടുത്തിയിരുന്നു. അൽഖുദ്റ പ്രദേശത്തിന് മുകളിലൂടെ നിർമിച്ച പാലം പൂർത്തിയായതോടെ എമിറേറ്റിലെ റെയിൽ നിർമാണത്തിന്റെ സുപ്രധാന ഘട്ടമാണ് പിന്നിട്ടത്. അബൂദബിയിലെ ഖലീഫ തുറമുഖത്തെ ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന കടൽപാലം പ്രവർത്തനസജ്ജമായത് നേരത്തേ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. നിർമാണങ്ങളെല്ലാം അവസാന ഘട്ടത്തിലെത്തിയെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷത്തോടെ പാതയുടെ ആകെ 75 ശതമാനം പൂർത്തിയായിട്ടുണ്ട്.
50 ബില്യൻ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും.
1200 കി.മീ. നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൻ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്.
സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

