ഇത്തിഹാദ് റെയിൽ വഴി 1.48 ലക്ഷം കണ്ടെയ്നറുകൾ ലക്ഷ്യത്തിലെത്തി
text_fieldsഇത്തിഹാദ് റെയിൽ പാതയിലൂടെ കടന്നുപോകുന്ന ചരക്ക് ട്രെയിൻ
ദുബൈ: യു.എ.ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽ വഴി ഇതുവരെ 1,48,000 കണ്ടെയ്നറുകൾ രാജ്യത്തിനുള്ളിൽ കൊണ്ടുപോയതായി അധികൃതർ. ഒരു കോടി ടണ്ണിലധികം കല്ലും ചരലും റെയിൽ മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിട്ടുമുണ്ട്. വ്യാപാര രംഗത്തും അടിസ്ഥാന സൗകര്യ വികസന രംഗത്തും റെയിൽവേയുടെ വർധിച്ചുവരുന്ന പങ്കാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു. അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ, ഇത്തിഹാദ് റെയിലിന്റെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചത്. കൂടിക്കാഴ്ചയിൽ കമ്പനിയുടെ പുതിയ പദ്ധതികളും ദീർഘകാല വികസന കാഴ്ചപ്പാടുകളും വിശദമായി അവലോകനം ചെയ്തു.
യു.എ.ഇയുടെ ദേശീയ ഗതാഗത സംവിധാനത്തിന്റെ പ്രധാന സ്തംഭമാണ് ഇത്തിഹാദ് റെയിലെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിന് നേതൃത്വം നൽകുന്ന തന്ത്രപ്രധാന പദ്ധതിയെന്ന നിലയിൽ റെയിൽവേ ശൃംഖല പ്രാധാനപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള നിലവാരത്തിൽ നിർമിച്ച റെയിൽവേ ശൃംഖല വഴി ഗതാഗത മേഖലയിലെ മികച്ച സ്ഥാനം നേടിയതിലും രാജ്യത്തിന്റെ സമഗ്ര വികസനത്തിൽ നൽകിയ സംഭാവനയിലും അദ്ദേഹം കമ്പനിയെ പ്രശംസിച്ചു.
ചരക്ക് ഗതാഗത സംവിധാനത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച കമ്പനി പാസഞ്ചർ സർവിസുകൾ ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലാണുള്ളത്. പാസഞ്ചർ ട്രെയിൻ സർവിസിലെ ആദ്യ റൂട്ട് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അബൂദബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ റൂട്ട്. അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള പാതയിൽ പതിവായി ട്രെയിനുകൾ പ്രതീക്ഷിക്കാമെന്ന് ഇത്തിഹാദ് റെയിൽ വെളിപ്പെടുത്തി. നഗരങ്ങൾക്കിടയിലെ യാത്രക്കാരുടെ എണ്ണവും ബിസിനസ് വ്യാപാരവും വർധിക്കുന്നത് പരിഗണിച്ചാണിത്. ഒപ്പം ഫുജൈറയിലേക്കുള്ള പാത വിനോദസഞ്ചാരത്തെയും കിഴക്കൻ മേഖലയിലേക്കുള്ള യാത്രയെയും എളുപ്പമാക്കും. അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് ഏകദേശം ഒരു മണിക്കൂറും അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 90 മിനിറ്റും സമയത്തിൽ യാത്ര ചെയ്യാൻ കഴിയും. അതേസമയം കൃത്യമായ സമയ പട്ടിക പുറത്തുവിട്ടിട്ടില്ല. അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബൈ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഫുജൈറയിലെ സകംകം എന്നിവയാണ് ആദ്യ റൂട്ടിലെ സ്റ്റേഷനുകൾ. അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത്ത് സായിദ്, മിസൈറ, അൽ ഫായ, അൽ ദൈദ്, അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബൈ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റി, ഫുജൈറ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

