ഇത്തിഹാദ് റെയിൽ; നിക്ഷേപം ഉയർത്തുമെന്ന് പഠനം
text_fieldsഇത്തിഹാദ് റെയിൽപാത
ദുബൈ: ഇത്തിഹാദ് റെയിൽ പദ്ധതി യു.എ.ഇയിലെ പ്രധാന വ്യവസായങ്ങളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്ന് പഠനം. ദുബൈയിലെ സുപ്രധാന ബാങ്കിങ് സ്ഥാപനമായ എമിറേറ്റ്സ് എൻ.ബി.ഡിയുടെ ഗവേഷണ വിഭാഗം പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക വ്യാപാരത്തിൽ വളർച്ചയും സാമ്പത്തിക ഏകീകരണവും പ്രോത്സാഹിപ്പിക്കാനും റെയിൽപാത നിമിത്തമാകുമെന്നും ഇതിൽ പറയുന്നുണ്ട്. 50 ശതകോടി ചെലവിൽ നിർമിച്ച പാത ആഴ്ചകൾക്കുമുമ്പ് ചരക്കു ഗതാഗതത്തിനായി തുറന്നിരുന്നു.
യു.എ.ഇയുടെ വികസനത്തിൽ വ്യാപാര, ചരക്ക് ഗതാഗത സേവനങ്ങൾ ചരിത്രപരമായി പ്രാധാന്യമർഹിക്കുന്നുണ്ടെന്നും പ്രത്യേകിച്ചും ദുബൈ പ്രാദേശിക വ്യാപാര പ്രവാഹങ്ങളുടെ ഒരു പ്രധാന പ്രവേശന കേന്ദ്രമാണെന്നും എമിറേറ്റ്സ് എൻ.ബി.ഡി റിസർചിലെ സാമ്പത്തിക വിദഗ്ധൻ ഡാനിയൽ റിച്ചാർഡ്സ് പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടുകളിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഇതിന് സഹായിച്ചതെന്നും ഇത്തിഹാദ് റെയിൽ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക്കൽ മേഖലകളെയും ബന്ധിപ്പിക്കുന്ന പാത പ്രതിവർഷം ആറുകോടി ടൺ ചരക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതാണ്. ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാൻ പാതവഴി സാധിക്കും.
1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്.