ഇത്തിഹാദ് റെയിൽ: മുന്നൊരുക്കങ്ങൾ സജീവം
text_fieldsനിർമാണം അതിവേഗം പുരോഗമിക്കുന്ന ഇത്തിഹാദ് റെയിൽ. കഴിഞ്ഞ ദിവസം ട്വിറ്റർ വഴി പുറത്തുവിട്ട ചിത്രം
ദുബൈ: ഇത്തിഹാദ് റെയിൽ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സജീവം. ഇതിന്റെ ഭാഗമായി ഇത്തിഹാദ് റെയിലും ഫെഡറൽ കസ്റ്റംസ് അതോറിറ്റിയും സംയുക്തമായി ശിൽപശാല സംഘടിപ്പിച്ചു. റെയിൽ ശൃംഖല ഉപയോഗിച്ച് ചരക്കുഗതാഗത പ്രവർത്തനങ്ങൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട നടപടികളാണ് ശിൽപശാലയിൽ ചർച്ചയായത്. പ്രാദേശിക കസ്റ്റംസ് വകുപ്പുകളുടെ പ്രതിനിധികളും ശിൽപശാലയിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു.
അതിനിടെ, ഇത്തിഹാദ് റെയിലിന്റെ നിർമാണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. നിർമാണം പൂർത്തീകരിച്ച് പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ യു.എ.ഇയുടെ സാമ്പത്തിക വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും ഷിപ്പിങ്, ലോജിസ്റ്റിക് സേവനങ്ങളുടെ പ്രാദേശിക, ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കാനും ഇത്തിഹാദ് റെയിൽ വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

