ഇത്തിഹാദ് പാസഞ്ചർ ട്രെയിനിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു
text_fieldsദുബൈ: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവിസിലെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. അബൂദബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ റൂട്ടെന്ന് ‘ദ നാഷനൽ’ റിപ്പോർട്ട് ചെയ്തു. അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള പാതയിൽ യാത്രക്കാർക്ക് പതിവായി ട്രെയിനുകൾ പ്രതീക്ഷിക്കാമെന്ന് ഇത്തിഹാദ് റെയിൽ വെളിപ്പെടുത്തി.
നഗരങ്ങൾക്കിടയിലെ യാത്രക്കാരുടെ എണ്ണവും ബിസിനസ് വ്യാപാരവും വർധിക്കുന്നത് പരിഗണിച്ചാണിത്. അതോടൊപ്പം ഫുജൈറയിലേക്കുള്ള പാത വിനോദസഞ്ചാരത്തെയും കിഴക്കൻ മേഖലയിലേക്കുള്ള യാത്രയെയും എളുപ്പമാക്കും. അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് ഏകദേശം ഒരു മണിക്കൂറും അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 90 മിനിറ്റും സമയത്തിൽ യാത്ര ചെയ്യാൻ കഴിയും.
അതേസമയം കൃത്യമായ സമയപട്ടിക പുറത്തുവിട്ടിട്ടില്ല. അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബൈ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഫുജൈറയിലെ സകംകം എന്നിവയാണ് ആദ്യ റൂട്ടിലെ സ്റ്റേഷനുകൾ.ദിവസങ്ങൾക്ക് മുമ്പ് ഇത്തിഹാദ് റെയിൽപാതയിലെ ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി അധികൃതർ പ്രഖ്യാപിച്ചിരുന്നു. പാസഞ്ചർ സർവിസ് ഈ വർഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം പ്രഖ്യാപിച്ച നാല് സ്റ്റേഷനുകൾക്കൊപ്പമാണ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ചത്. അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത്ത് സായിദ്, മിസൈറ, അൽ ഫായ, അൽ ദൈദ് എന്നിവിടങ്ങളിലാണ് പുതുതായി സ്റ്റേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബൈ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റി, ഫുജൈറ എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ പ്രഖ്യാപിച്ചിരുന്നു.
പാസഞ്ചർ സർവിസ് ആവശ്യമായ 13 ട്രെയിനുകളിൽ 10 എണ്ണം നിലവിൽ രാജ്യത്ത് എത്തുകയും പരീക്ഷണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ളതാണ് ട്രെയിനുകൾ. ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് സഞ്ചരിക്കാനാകും.
അതേസമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അധികൃതർ വ്യക്തമാക്കിയിട്ടില്ല. മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

