ടിക്കറ്റുകളിൽ 35 ശതമാനം കിഴിവുമായി ഇത്തിഹാദ്
text_fieldsഅബൂദബി: യു.എ.ഇ യാത്രക്കാർക്കായി വൻ ഓഫറുകളുമായി ഇത്തിഹാദ് എയർവേയ്സ്. വൈറ്റ് ഫ്രൈഡേ സെയിലിലൂടെ എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 13 മുതൽ 2026 ജൂൺ 24 വരെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകൾ നവംബർ 30 വരെ ബുക്ക് ചെയ്യാം. നേരത്തെ അവധിക്കാലം പ്ലാൻ ചെയ്യുന്നവർക്കും കുടുംബാംഗങ്ങളെ വിദേശത്ത് എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
യാത്രകളിലൂടെ ലഭിക്കുന്ന അനുഭവങ്ങളെയും ബന്ധങ്ങളെയും വിലമതിക്കുക എന്ന ആപ്തവാക്യത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓഫറാണ് ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അവതരിപ്പിക്കുന്നത്. ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സാംസ്കാരിക കേന്ദ്രങ്ങളിലേക്കും ഓഫർ ലഭ്യമാണ്. അബൂദബിയിൽ നിന്ന് ഇത്തിഹാദിന്റെ വിമാന സർവിസുകളുള്ള എല്ലാ സ്ഥലങ്ങളിലേക്കും ഈ ഓഫറുകൾ ലഭ്യമാണ്. യാത്രക്കാർക്ക് വെബ്സൈറ്റ് വഴിയോ എയർലൈനിന്റെ മൊബൈൽ ആപ് വഴിയോ വൈറ്റ് ഫ്രൈഡേ ഓഫറുകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാം.
2026ൽ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ തിരക്കുള്ള ഒരു യാത്രാ സീസണായിരിക്കുമെന്നാണ് ട്രാവൽ വിദഗ്ധരുടെ വിലയിരുത്തൽ. ഈ വർഷത്തെ പ്രമോഷൻ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും നല്ല ഓർമകൾ നൽകുന്നതിനുംവേണ്ടി രൂപകൽപന ചെയ്തതാണെന്ന് ഇത്തിഹാദ് പ്രതിനിധി പറഞ്ഞു. ഈ വർഷം മാത്രം 16 പുതിയ റൂട്ടുകളാണ് ആരംഭിച്ചിട്ടുള്ളത്.
കൂടാതെ 32 പുതിയ എയർബസ് വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകിയിട്ടുമുണ്ട്. 2030ഓടെ 170 വിമാനങ്ങൾ എന്ന പഴയ ലക്ഷ്യത്തിൽ നിന്ന് 200 ആയി ഉയർത്തിയിട്ടുണ്ട്. ഈ വികസനം വഴി 2030ഓടെ 37 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സാധിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

