കുതിപ്പ് തുടര്‍ന്ന് ഇത്തിഹാദ്; അഞ്ചു മാസം 84 ലക്ഷം യാത്രികർ സഞ്ചരിച്ചു
text_fieldsഅബൂദബി: ഇത്തിഹാദ് എയര്‍വേസ് സ്വപ്ന പ്രയാണം തുടരുന്നു. 2025ലെ ആദ്യ അഞ്ചുമാസം 84 ലക്ഷം യാത്രികരാണ് ഇത്തിഹാദിന്റെ വിമാനങ്ങളിലായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നത്. യാത്രികരുടെ വര്‍ധിച്ചുവരുന്ന എണ്ണം കണക്കിലെടുത്ത് ഇത്തിഹാദ് സര്‍വീസുകളുടെ യാത്രാകേന്ദ്രങ്ങള്‍ വർധിപ്പിക്കുകയും കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇത്തിഹാദ് എയര്‍വേസ് പുറത്തുവിട്ട ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സിലാണ് 84 ലക്ഷം യാത്രികര്‍ ഈ വര്‍ഷത്തെ ആദ്യ അഞ്ചുമാസത്തിനുള്ളില്‍ പറന്നുവെന്ന് വ്യക്തമാക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവ് യാത്രികരുടെ എണ്ണത്തില്‍ ഈ വര്ഷമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് മാസം മാത്രം 17 ലക്ഷം യാത്രികരെയാണ് ഇത്തിഹാദ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണ് ഇതിലുണ്ടായത്. 100 വിമാനങ്ങളാണ് നിലവില്‍ ഇത്തിഹാദിനുള്ളത്.
യാത്രികരുടെ എണ്ണം വർധിച്ചതിനെ തുടര്‍ന്ന് നിരവധി പുതിയ വിമാനങ്ങള്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. വരും മാസങ്ങളിലും പുതിയ വിമാനങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേസ് സി.ഇ.ഒ അന്റനോല്ഡോ നെവസ് പറഞ്ഞു. പശ്ചിമേഷ്യയില്‍ അതിവേഗം വളരുന്ന എയര്‍ലൈന്‍ എന്ന ഇത്തിഹാദിന്റെ പദവിക്ക് അടിവരയിടുന്നതാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 100 വിമാനങ്ങളെന്ന നാഴികല്ലാണ് ഇത്തിഹാദ് പിന്നിട്ടിരിക്കുന്നത്.
അതേസമയം, ഈ വര്‍ഷം അവസാനത്തോടെ 1500ലേറെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചിരുന്നു. ഈ വര്‍ഷം 1685 തൊഴിലാളികളെ ജോലിക്കെടുത്തതിനു ശേഷമാണ് മറ്റൊരു റിക്രൂട്ട്മെന്റ് കൂടി. പൈലറ്റ്, കാബിന് ക്രൂ, എന്ജിനീയറുകള് മുതലായ പ്രധാന പദവികളിലേക്കാണ് നിയമനം. നിലവില്‍ 12,000ത്തോളം ജീവനക്കാരാണ് ഇത്തിഹാദിനുള്ളത്. 2030ഓടെ കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ നിലവിലെ ജീവനക്കാരുടെ എണ്ണവും ഇരട്ടിയാവുമെന്നാണ് കരുതുന്നത്.
കഴിഞ്ഞവര്‍ഷം മാത്രം 16 പുതിയ കേന്ദ്രങ്ങളിലേക്കാണ് ഇത്തിഹാദ് സര്‍വീസ് തുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം ലോകത്തുടനീളമായി നാലായിരത്തിലേറെ പേരെ ജോലിക്കെടുത്തിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം അധികരിച്ചതോടെ 2025ന്റെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടൂതല്‍ ലാഭം കൈവരിച്ചിട്ടുണ്ട്. 2024ന്റെ ആദ്യ മൂന്നു മാസത്തില്‍ 526 ദശലക്ഷം ദിര്‍ഹമായിരുന്നു ഇത്തിഹാദ് എയര്‍വേസിന്റെ ലാഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

