അന്താരാഷ്ട്ര യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈനുകൾ
text_fieldsദുബൈ: അന്താരാഷ്ട്ര യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഇത്തിഹാദ് എയർവേസും എമിറേറ്റ്സ് എയർലൈനും പദ്ധതിയിടുന്നു. യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വബോധം ഉറപ്പാക്കുന്നതിനായാണിതെന്ന് ദ നാഷനൽ ന്യൂസ് റിപ്പോർട്ട് ചെയ്തു. അബൂദബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് നൽകുമെന്ന് ഇത്തിഹാദ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ഇത്തിഹാദ് വിമാനങ്ങളിൽ അബൂദബിയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഇൻഷുറൻസ് കമ്പനിയായ ‘ദാമൻ’ വഴിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. ‘ലോകത്തിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അബൂദബി. ഇവിടേക്കുള്ള യാത്രയും ഇവിടുത്തെ താമസവും എത്രത്തോളം സുഗമമാക്കാൻ സാധിക്കുമോ അത്രത്തോളം സുഗമമാക്കുക എന്നതാണ് ഞങ്ങളുടെ ജോലി’ -ഇത്തിഹാദ് എയർവേസ് ചീഫ് എക്സിക്യൂട്ടീവ് അന്‍റോണോ ആൽഡോ നെവെസ് പറഞ്ഞു. എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ ഇൻഷുറൻസ് പാക്കേജിന്‍റെ പൂർണ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ടിക്കറ്റ് വില കുറക്കുന്നതിന് പകരം മറ്റ് ആനുകൂല്യങ്ങൾ നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് എമിറേറ്റ്സ് പ്രസിഡന്‍റ് ടിം ക്ലാർക്ക് ചൊവ്വാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.
ഇത്തിഹാദ് ടിക്കറ്റുകൾക്കൊപ്പം ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ ജൂലൈ മുതൽ ഡിസംബർ വരെ സാധുവായിരിക്കും. യു.എ.ഇയിൽ എത്തുന്ന അർഹരായ സന്ദർശകർക്ക് പരമാവധി 15 ദിവസത്തേക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി പ്രത്യേക അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല. നിബന്ധനകൾക്ക് വിധേയമായ ടിക്കറ്റുകൾക്കൊപ്പം ഇൻഷുറൻസ് പരിരക്ഷ സ്വയം ലഭ്യമാകും. യു.എ.ഇക്ക് പുറത്തുനിന്നും ടിക്കറ്റെടുത്ത് ഇത്തിഹാദ് വിമാനത്തിൽ അബൂദബിയിലേക്ക് പറക്കുന്ന ഏതൊരു യാത്രക്കാരനും ഇതിന് അർഹതയുണ്ടായിരിക്കും. ഇത്തിഹാദിന്‍റെ സൗജന്യ സ്റ്റോപ്പ് ഓവർ പ്രോഗ്രാം ഉപയോഗിക്കുന്ന യാത്രക്കാർക്കും അവരുടെ താമസകാലയളവിലേക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

