2025ൽ ഇത്തിഹാദ് എയർവേസിന് വലിയ നേട്ടം
text_fieldsഅബൂദബി: കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനയുണ്ടായതായി അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസ്. 2.24 കോടി യാത്രികരാണ് കഴിഞ്ഞവര്‍ഷം തങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്തതെന്ന് ഇത്തിഹാദ് എയര്‍വേസ് വ്യക്തമാക്കി.
ആവശ്യക്കാരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പുതിയ കേന്ദ്രങ്ങളിലേക്ക് സര്‍വിസുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് തുടരുകയാണെന്നും എയര്‍ലൈന്‍ അറിയിച്ചു. ഇത്തിഹാദിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് യാത്രികരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ അന്റനോല്ഡോ നെവസ് പ്രസ്താവനയില്‍ പറഞ്ഞു. 2025 ഡിസംബറില്‍ മാത്രം 22 ലക്ഷം യാത്രികരാണ് ഇത്തിഹാദ് വിമാനങ്ങളില്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തത്.
2030ഓടെ പ്രതിവര്‍ഷം 3.7 കോടി യാത്രികര്‍, 200 വിമാനങ്ങള്‍ എന്നീ ലക്ഷ്യം മുന്നിൽവെച്ചാണ് ഇത്തിഹാദിന്റെ പ്രവര്‍ത്തനം. നേരത്തെ 3 കോടി യാത്രികര്‍, 160 വിമാനങ്ങള്‍ എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നാല്‍, എയര്‍ലൈന്‍ അതിവേഗം വളരുന്നുവെന്ന തിരിച്ചറിവില്‍ ഈ ലക്ഷ്യം കമ്പനി പുനര്‍നിര്‍ണയിക്കുകയായിരുന്നു. പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ കമ്പനി നവംബറില്‍ നല്‍കിയിട്ടുണ്ട്.
ദുബൈ എയര്‍ഷോയില്‍ എയര്‍ബസുമായും ഇത്തിഹാദ് കരാര്‍ ഒപ്പിടുകയുണ്ടായി. ഈ കരാറിന്റെ ഭാഗമായി ആറ് എ330 നിയോ വിമാനങ്ങള്‍ 2028നും 2029നും ഇടയിലായി ഇത്തിഹാദിന് ലഭിക്കും. 2025ലെ ആദ്യ 9 മാസത്തിനുള്ളില്‍ ഇത്തിഹാദ് 200 പൈലറ്റുമാരടക്കം 2600 ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

