ഇത്തിഹാദ് എയർവേഴ്സിന് ലാഭക്കുതിപ്പ്
text_fieldsഇത്തിഹാദ് എയര്‍വേസ് ചീഫ് എക്സിക്യൂട്ടിവ് അന്റനോല്ഡോ നെവസ് മാധ്യമങ്ങളോടു സംസാരിക്കുന്നു
അബൂദബി: 2025ലെ ആദ്യ പകുതിയില്‍ റെക്കോഡ് ലാഭം നേടി ഇത്തിഹാദ് എയര്‍വേസ്. ജൂണില്‍ അവസാനിച്ച കാലയളവിൽ 110 കോടി ദിര്‍ഹമാണ് ഇത്തിഹാദ് എയര്‍വേസിന്റെ ലാഭം. നികുതിയും മറ്റ് ചെലവുകളും കഴിഞ്ഞ് 32 ശതമാനം വളര്‍ച്ചയാണ് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം കമ്പനി നേടിയത്. 16 ശതമാനം വളര്‍ച്ചയോടെ കമ്പനിയുടെ പ്രതിവര്‍ഷ വരുമാനം 1,350 കോടി ദിര്‍ഹമായും ഉയര്‍ന്നു. പാസഞ്ചര്‍ വിമാന സർവിസ് വരുമാനത്തില്‍ 16 ശതമാനം വളര്‍ച്ച കൈവരിച്ച് 1,129 കോടി ദിര്‍ഹം നേടി. ചരക്ക് ഗതാഗത സർവിസ് വരുമാനത്തില്‍ ഒമ്പത് ശതമാനം വളര്‍ച്ചയും ഇത്തിഹാദിന് നേടാനായി. യു.എസില്‍ നിന്നുള്ള അമിത താരിഫ് മൂലമുണ്ടായ അനിശ്ചിതത്വം ഉണ്ടായിട്ടും എയര്‍വേസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ശക്തമായി തുടരുകയാണെന്ന് ഇത്തിഹാദ് എയര്‍വേസ് ചീഫ് എക്സിക്യൂട്ടിവ് അന്റനോല്ഡോ നെവസ് മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ 12 മാസത്തിനിടെ പ്രഖ്യാപിച്ച 27 പുതിയ റൂട്ടുകള്‍ അടക്കം ജൂണ്‍ വരെ 88 കേന്ദ്രങ്ങളിലേക്കായിരുന്നു ഇത്തിഹാദിന്റെ സര്‍വീസുകള്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ 1.02 കോടി യാത്രികരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞു. വര്‍ഷാവസാനത്തോടെ യാത്രികരുടെ എണ്ണം 2.15 കോടി ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 2026 ഓടെ പ്രതിവര്‍ഷ യാത്രികരുടെ എണ്ണം 2.4 കോടിയോ 2.5 കോടിയോ ആയി വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് 2030 ഓടെ 3.8 കോടിയിലെത്തിക്കാനാണ് നീക്കം.
മുമ്പ് 3.3 കോടിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞവര്‍ഷം 1.85 കോടി യാത്രികരെയാണ് ഇത്തിഹാദ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. നിലവിൽ ഇത്തിഹാദിന്റ വിമാനങ്ങളുടെ എണ്ണം 100ന് മുകളിലാണ്. വളര്‍ച്ചാ പദ്ധതികള്‍ക്കൊപ്പം ഇത്തിഹാദ് ക്രിപ്റ്റോ കറന്‍സിയും ഭാവിയില്‍ പേമെന്റ് ഓപ്ഷനായി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് അന്റനോല്ഡോ നെവസ് പറയുന്നു. വൈകാതെ തന്നെ ബിറ്റ് കോയിനും മറ്റ് ക്രിപ്റ്റോകളും അടക്കമുള്ള കറന്‍സികള്‍ ഇത്തിഹാദ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

