ദുബൈ മാരത്തണിൽ ഇത്യോപ്യൻ ചരിതം
text_fieldsമാരത്തണിൽ ജേതാക്കളായ ദെരാ ദിദ
യാമിയും അബ്ദിസ ടോള അദേരയും
ദുബൈ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാരത്തണുകളിൽ ഒന്നായ ദുബൈ മാരത്തണിൽ വീണ്ടും ഇത്യോപ്യൻ തേരോട്ടം. പുരുഷ, വനിത വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഇത്യോപ്യക്കാർ തൂത്തുവാരി.
ഒരേ കുടുംബത്തിൽപെട്ടവർ തന്നെ പുരുഷ, വനിത കിരീടങ്ങൾ സ്വന്തമാക്കി എന്ന ചരിത്രവുമെഴുതിയാണ് ദുബൈ മാരത്തൺ സമാപിച്ചത്. ആദ്യ എട്ട് സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തത് ഇത്യോപ്യക്കാരാണ്. ദുബൈ എക്സ്പോ സിറ്റിയിലായിരുന്നു മത്സരം.
പുരുഷ വിഭാഗത്തിൽ അബ്ദിസ ടോള അദേര ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ വനിത വിഭാഗത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരി ദെരാ ദിദ യാമി ചാമ്പ്യനായി. രണ്ട് മണിക്കൂർ 5.42 മിനിറ്റിലാണ് ടോള അദേര 42 കിലോമീറ്റർ താണ്ടിയത്.
രണ്ട് മണിക്കൂർ 21.11 മിനിറ്റിലാണ് ദിദ യാമിയുടെ ഫിനിഷിങ്. പുരുഷ വിഭാഗത്തിൽ ദെരേസ ഗലേറ്റ (2.5.51 മണിക്കൂർ) രണ്ടാം സ്ഥാനവും സിറാനേഷ് ദാഗ്നെ യിർഗ (2.21.59 മണിക്കൂർ) മൂന്നാം സ്ഥാനവും നേടി. ദിദ യാമിക്ക് പിന്നാലെ വനിത വിഭാഗത്തിൽ ദുദ അഗ സോറയും (2.21.23) സിരാനേഷ് ദഗ്നെ യിർഗയും (2.21.59) രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. അടുത്തിടെയാണ് ദിദ യാമി ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവം കഴിഞ്ഞ ശേഷം ഇറങ്ങിയ മാരത്തണിൽ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദിദ യാമി പറഞ്ഞു.
എക്സ്പോ സിറ്റിയിൽ പുലർച്ചെ നടന്ന മത്സരത്തിൽ പതിനായിരത്തോളം പേർ പങ്കെടുത്തു. മലയാളികൾ അടക്കം നിരവധി പേർ പുലർച്ചെ തന്നെ എത്തിയിരുന്നു. മൂന്ന് വിഭാഗങ്ങളിലായായിരുന്നു മത്സരം. 42.195 കിലോമീറ്റർ മെയിൻ റേസിന് പുറമെ 10 കിലോമീറ്റർ, നാല് കിലോമീറ്റർ റേസുകളും നടന്നു. കുടുംബങ്ങളും കുട്ടികളും നാല് കിലോമീറ്റർ റേസിലാണ് അണിനിരന്നത്. നിശ്ചയദാർഢ്യ വിഭാഗക്കാരും മത്സരിക്കാൻ എത്തിയിരുന്നു.
ദുബൈ എക്സ്പോ സിറ്റിയിൽ നടന്ന മാരത്തണിൽ മത്സരിക്കാനെത്തിയ നിശ്ചയദാർഢ്യ വിഭാഗക്കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

