വാതിൽപടി വരെ ഇത്തിഹാദ് റെയിൽ
text_fieldsനിർമാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയിൽപാത (ഫയൽ ചിത്രം)
ദുബൈ: തടസ്സമില്ലാത്ത യാത്ര എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ, തിരക്കേറിയ നഗരങ്ങളിൽ പലപ്പോഴും അസാധ്യവുമാണിത്. വഴിയിലെ ഗതാഗതക്കുരുക്ക്, ബസിനും ടാക്സിക്കുമായുള്ള കാത്തിരിപ്പ് എന്നിങ്ങനെ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി നിരവധി കടമ്പകളാണ് ദിവസവും ഓരോ യാത്രക്കാരനും അനുഭവിക്കുന്നത്. ദീർഘയാത്രയാണെങ്കിൽ പലപ്പോഴും സമയനഷ്ടവും. യു.എ.ഇയുടെ ദേശീയ റെയിൽ പദ്ധതി 'ഇത്തിഹാദ്'റെയിൽ പൂർത്തിയാകുന്നതോടെ ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് അധികൃതരുടെ വാഗ്ദാനം.
യാത്രക്കാർക്ക് വീട്ടിൽനിന്നിറങ്ങിയാൽ ആവശ്യമായ എല്ലാ ഗതാഗതസൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കാനാണ് ഇത്തിഹാദിന്റെ പദ്ധതി. വിവിധ എമിറേറ്റുകളിലെ വ്യത്യസ്ത ഗതാഗത സൗകര്യങ്ങൾ സംയോജിപ്പിച്ചാവും ഇത് യാഥാർഥ്യമാക്കുന്നത്. യാത്രക്കാർക്ക് സുഖകരമായി സ്റ്റേഷനിൽനിന്ന് അവസാന ലക്ഷ്യസ്ഥാനത്ത് എത്താൻ സേവനമൊരുക്കുമെന്നാണ് ഇത്തിഹാദ് റെയിൽ എക്സി. ഡയറക്ടർ അഹ്മദ് അൽ മുസാവ അൽഹാശിമി അറിയിച്ചു. ടാക്സി, മെട്രോ, ബസ് തുടങ്ങിയ ഗതാഗത സൗകര്യങ്ങളും സ്മാർട്ട് സേവനങ്ങളും സംയോജിപ്പിച്ചാവും പദ്ധതി. താമസക്കാർക്ക് മാത്രമല്ല, വിനോദ സഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമായിരിക്കുമിത്. പദ്ധതി നടപ്പായാൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വഴിയറിയാതെ ബുദ്ധിമുട്ടേണ്ട അവസ്ഥയോ ശരിയായ ഗതാഗതസംവിധാനം അറിയാത്ത പ്രയാസമോ ഉണ്ടാവില്ല.
ഇത്തിഹാദ് റെയിൽവേ സ്റ്റേഷനിൽനിന്ന് ആളുകളെ അവരുടെ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ എല്ലാ എമിറേറ്റുകളിലെയും പ്രാദേശിക അധികാരികളുമായി യോജിച്ച് പ്രവർത്തനം പുരോഗമിക്കുന്നുണ്ടെന്ന് അൽഹാശിമി വ്യക്തമാക്കി. യാത്രക്കാർക്ക് ലാഭകരമായ സേവനമായിരിക്കും ഇതെന്നും പാസഞ്ചർ സർവിസ് ചുമതലയുള്ള അൽഹാശിമി സ്ഥരീകരിച്ചു.
യു.എ.ഇയുടെ 11 നഗരങ്ങളെ ബന്ധിപ്പിച്ചാണ് പാസഞ്ചർ ട്രെയിൻ സർവിസ് ഒരുങ്ങുന്നത്. എല്ലാ എമിറേറ്റുകളിലൂടെയും കടന്നുപോകുന്ന ട്രെയിൻ പദ്ധതി പൂർത്തിയാകുന്നത് ഗതാഗത മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ചരക്ക് ഗതാഗതത്തിനും യാത്രക്കാർക്കും ഒരേ ട്രാക്കാണ് ഉപയോഗിക്കുക. റെയിൽ നെറ്റ്വർക്കിന്റെ ഭൂരിഭാഗവും ഇരട്ട ലൈനാണ്. യു.എ.ഇയിലെ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്ന റെയിൽപാത നിർമാണം പുരോഗമിക്കുകയാണ്. പാസഞ്ചർ ട്രെയിനുകളിൽ ഒരേസമയം 400 പേർക്കുള്ള സൗകര്യം ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

