ദുബൈ: ഭാവി തലമുറക്കുവേണ്ടി പരിസ്ഥിതിയെ സംരക്ഷിച്ചുനിർത്താൻ ധാർമികമായ ബാധ്യത ആഗോള സമൂഹത്തിനുണ്ടെന്ന് യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്.
മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമാക്കി ദുബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയ മൂല്യങ്ങളും പരിസ്ഥിതി പരിപാലനവും തമ്മിൽ ശക്തമായ ബന്ധമുണ്ട്. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന വഴികൾ നാമെല്ലാവരും പുനരാലോചനക്ക് വിധേയമാകണം.
ആത്മീയമൂല്യങ്ങളും പരിസ്ഥിതി പരിപാലനവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി 100 ദിവസത്തെ യാത്രചെയ്യുന്ന ഇന്ത്യക്കാരനായ സദ്ഗുരു ജഗി വാസുദേവും പങ്കെടുത്തു. അറിഞ്ഞോ അറിയാതെയോ ഓരോരുത്തരും പരിസ്ഥിതി നാശത്തിന്റെ ഭാഗമാണെന്ന് സദ്ഗുരു അഭിപ്രായപ്പെട്ടു. പ്രശ്നത്തിന്റെ പരിഹാരത്തിന് ഏകവഴി ഓരോരുത്തരും രംഗത്തിറങ്ങുക എന്നത് മാത്രമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. പതിനായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു.