റാസല്‍ഖൈമയില്‍ ഊര്‍ജ ഉച്ചകോടി നവംബറില്‍
text_fieldsറാസല്‍ഖൈമ: ഊര്‍ജ മേഖലയില്‍ പുതുസംഭാവനകള്‍ സൃഷ്ടിക്കുന്നതിന് ആവിഷ്കരിച്ച ‘റാക് എനര്‍ജി സമ്മിറ്റി’ന്റെ മൂന്നാമത് പതിപ്പ് നവംബറില്‍ റാസല്‍ഖൈമയില്‍ നടക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 25 - 27 തീയതികളില്‍ നടക്കുന്ന ഊര്‍ജ ഉച്ചകോടിക്ക് റാക് എക്സ്പോ സെന്റര്‍ വേദിയാകും.
യു.എ.ഇ-ജി.സി.സി മേഖലയുടെ സുസ്ഥിര ഊര്‍ജ-കാലാവസ്ഥ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന നയങ്ങള്‍, മുന്‍ഗണനകള്‍, പങ്കാളിത്തങ്ങള്‍ തുടങ്ങിയവ ‘ഭാവിയുടെ സുസ്ഥിര ഊര്‍ജ സൃഷ്ടിപ്പും സംഭാവനയും’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്ദിര് മുഹമ്മദ് ബിന്‍ ശകര് പറഞ്ഞു.
സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, സ്മാര്‍ട്ട് സാങ്കേതിക വിദ്യകളുടെ വിന്യാസം, ഇലക്ട്രിക് മൊബിലിറ്റിക്കുള്ള പിന്തുണ തുടങ്ങി പ്രായോഗിക അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും സുസ്ഥിരത തന്ത്രങ്ങളെ വ്യക്തമായ ഫലങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച അറിവുകളുടെ കൈമാറ്റവും റാക് ഊര്‍ജ കോടിയില്‍ നടക്കും. ഊര്‍ജ പരിവര്‍ത്തനത്തിലെ പുതിയ പ്രവണതകളും നെറ്റ് സീറോ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുതകുന്ന പ്രായോഗിക നടപടികളും ഇവിടെ അവതരിപ്പിക്കും. പുനരുപയോഗ ഊര്‍ജം, ഊര്‍ജ സംഭരണം, ഭാവിയിലെ ഗ്രിഡുകള്‍, ഡീകാര്ബണൈസേഷന്, നിര്‍മിത ബുദ്ധിയും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും, സുസ്ഥിര സമൂഹങ്ങളും കെട്ടിടങ്ങളും, കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളാകും.
റാക് മുനിസിപ്പാലിറ്റിയുമായുള്ള ഇത്തിഹാദ് വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റിയുടെ സഹകരണം യൂട്ടിലിറ്റി സേവനത്തിലുപരി എമിറേറ്റിന്റെ സുസ്ഥിര വളര്‍ച്ചയില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് സി.ഇ.ഒ എഞ്ചിനീയര്‍ യൂസഫ് അഹമ്മദ് അല്‍ അലി അഭിപ്രായപ്പെട്ടു. ജല-വൈദ്യുതി ശൃംഖലകളുടെ നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനത്തിലെ വേഗവത്കരണം, കാര്യക്ഷമതയിലും പ്രതിരോധ ശേഷിയിലധിഷ്ഠിതമായ ഊര്‍ജ സംവിധാനത്തിന് അടിത്തറ പാകല്‍ എന്നിവയില്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാല പദ്ധതികളാണ് ഇത്തിഹാദ് വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി നടപ്പാക്കുന്നതെന്നും യൂസഫ് വ്യക്തമാക്കി. വ്യവസായ- വാണിജ്യ രംഗം, സംരംഭങ്ങള്‍ എന്നിവയുടെ വികാസത്തിനനുസൃതമായ ഊര്‍ജ ഉല്പാദനം, പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറക്കല്‍ തുടങ്ങിയവ റാക് എനര്‍ജി സമ്മിറ്റിലെ വിഷയങ്ങളാണ്. 2040ഓടെ 30 ശതമാനം വൈദ്യുതി ലാഭിക്കല്‍, 20 ശതമാനം ജല ഉപയോഗം കുറക്കല്‍, 20 ശതമാനം പുനരുപയോഗ ഊര്‍ജം തുടങ്ങിയവ റാക് മുനിസിപ്പാലിറ്റി സുസ്ഥിര ഊര്‍ജ വിഭാഗമായ ‘റീം’ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

