'എംപവർ' ഷെയറുകൾ വിപണിയിലേക്ക്; 100 കോടി ഓഹരികൾ വിറ്റഴിക്കും
text_fieldsദുബൈ: ദീവക്കും സാലിക്കിനും പിന്നാലെ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീതീകരണ സ്ഥാപനമായ എംപവറിന്റെ ഓഹരികളും ഷെയർ മാർക്കറ്റിലേക്ക്. ദുബൈയിലെ സെൻട്രൽ കൂളിങ് സംവിധാനമായ എംപവറിന്റെ 100 കോടി ഷെയറുകളാണ് ഈ മാസം ഓഹരിവിപണിയിലേക്ക് എത്തുന്നത്. ഒരു ഷെയറിന് 10 ഫിൽസ് എന്ന നിലയിലാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് വഴി ഓഹരി വിപണിയിൽ വിറ്റഴിക്കുക. ഈ മാസം 31 മുതൽ ഓഹരികൾ സ്വന്തമാക്കാൻ അപേക്ഷ നൽകാമെന്ന് എംപവർ സി.ഇ.ഒ അഹ്മദ് ബിൻ ഷഫർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഓരോ വീട്ടിലും എ.സി സ്ഥാപിക്കുന്നതിനുപകരം ഒരു മേഖലയിലെ എല്ലാ കെട്ടിടങ്ങളും തണുപ്പിക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് സെൻട്രൽ കൂളിങ് സിസ്റ്റം. ദുബൈ നഗരത്തിൽ ഇത് നടപ്പാക്കുന്നത് എമിറേറ്റ്സ് സെൻട്രൽ കൂളിങ് സിസ്റ്റം കോർപറേഷൻ അഥവാ എംപവറാണ്. ഇവരാണ് ഓഹരികൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. പൊതുജനങ്ങൾക്ക് നവംബർ ഏഴിനും മറ്റു നിക്ഷേപകർക്ക് നവംബർ എട്ടിനും ഓഹരിവിൽപന അവസാനിപ്പിക്കും. എല്ലാ വർഷവും ഏപ്രിലിലും ഒക്ടോബറിലും രണ്ടുതവണ ഡിവിഡന്റ് നൽകുന്നവിധമാണ് ഓഹരിനിക്ഷേപം സ്വീകരിക്കുന്നത്. ഇടപാടുകൾ ശരീഅത്ത് നിയമത്തിന് വിധേയമായിരിക്കും. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിന്റെ ശരീഅ സൂപ്പർവിഷൻ വിഭാഗത്തിനാണ് മേൽനോട്ടച്ചുമതല. റീട്ടെയിൽ നിക്ഷേപകർ 5000 ദിർഹമിന്റെ ഓഹരിയെങ്കിലും എടുക്കണം. ഓഹരി നിക്ഷേപകർക്ക് അടുത്തവർഷം ഏപ്രിലിൽ 425 ദശലക്ഷം ദിർഹം ആദ്യത്തെ ഡിവിഡന്റായി നൽകാൻ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. വർഷം 850 ദശലക്ഷം ദിർഹം ഡിവിഡന്റും വിതരണം ചെയ്യാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
2003ലാണ് എംപവര് ആരംഭിച്ചത്. നിലവിൽ 1252 കെട്ടിടങ്ങളിൽ എംപവറിന്റെ സേവനം എത്തുന്നുണ്ട്. 1.40 ലക്ഷം ഉപഭോക്താക്കളുണ്ട്. ദുബൈയിലെ സാലിക്കിനും ദീവക്കും പിന്നാലെയാണ് എംപവറും ഓഹരി വിപണിയിലേക്ക് എത്തുന്നത്. വാർത്തസമ്മേളനത്തിൽ എംപവർ ചീഫ് ഓപറേഷൻസ് ആൻഡ് മെയിന്റനൻസ് ഓഫിസർ താരിഖ് അൽയാസി, ചീഫ് കമേഴ്സ്യൽ ഓഫിസർ എഡ്ജർ ഖുറേഷി, ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓഫിസർ സമീർ ഖൗദിയർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ രമേശ് രാമദുരൈ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

