എമറാത്തി വനിതകൾക്ക് ‘സുഗന്ധ പാഠ’വുമായി ‘യൂസുഫ് ഭായ്’; അറബ് സുഗന്ധപാരമ്പര്യത്തിന്‍റെ വേദിയിൽ മലയാളിയുടെ കൈയൊപ്പ്
text_fieldsയൂസുഫ് ഭായ് ജി.ഡി.ആർ.എഫ്.എ വർക്ക്ഷോപ്പിൽ
ദുബൈ: അറബ് ലോകത്തിന്‍റെ ജീവിതശൈലിയോടും പാരമ്പര്യത്തോടും അത്രയേറെ ചേർന്നുനിൽക്കുന്ന ഒന്നാണ് സുഗന്ധം. ഊദിന്‍റെയും അത്തറിന്‍റെയും പെർഫ്യൂമിന്‍റെയും ആ ലോകത്ത്, എമറാത്തി വനിതകൾക്ക് സുഗന്ധക്കൂട്ടുകളുടെ രഹസ്യം പകർന്നുനൽകാൻ ഒരു മലയാളി എത്തിയപ്പോൾ അത് വേറിട്ട കാഴ്ചയായി. തൃശൂർ ചാവക്കാട് സ്വദേശിയും പ്രശസ്ത പെർഫ്യൂം നിർമാതാവുമായ ഡോ. യൂസഫ് മടപ്പേൻ; സുഗന്ധപ്രേമികൾക്ക് സുപരിചിതനായ ‘യൂസുഫ് ഭായ്’ ആയിരുന്നു ആ മലയാളി.
എമറാത്തി വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ യൂസുഫ് ഭായ് വനിതാ ഉദ്യോഗസ്ഥർക്കായി സുഗന്ധ പരിശീലന പരിപാടി നയിച്ചത്.
ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് എത്തിയ യൂസുഫ് ഭായിയെ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നേരിട്ടെത്തി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. നീളമുള്ള വെളുത്ത താടിയും തനതായ തൊപ്പിയും കൂളിങ് ഗ്ലാസുമടങ്ങിയ പരിചിതമായ വേഷത്തിൽ യൂസുഫ് ഭായ് എത്തിയപ്പോൾ ഉദ്യോഗസ്ഥർക്കിടയിലും കൗതുകവും ആവേശവും നിറഞ്ഞു. സുഗന്ധ മേഖലയിൽ കഴിവ് തെളിയിച്ച മലയാളിക്ക് യു.എ.ഇയിലെ പ്രമുഖ സർക്കാർ സ്ഥാപനത്തിൽ ലഭിച്ച ഈ സ്വീകരണം പ്രവാസി സമൂഹത്തിന് വലിയ അഭിമാന നിമിഷമായി.
ജി.ഡി.ആർ.എഫ്.എയിലെ വനിതാ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്ത വർക്ക്ഷോപ്പിൽ വിവിധ പെർഫ്യൂം ഓയിലുകൾ തിരഞ്ഞെടുക്കുന്ന രീതികളും അവയുടെ അളവുകൾ ക്രമീകരിക്കുന്നതും വിശദീകരിച്ചു. ടെസ്റ്റ് ട്യൂബുകളും എസ്സെൻസുകളും ഉപയോഗിച്ച് സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള പുതിയ സുഗന്ധക്കൂട്ടുകൾ തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനവും നൽകി.
വ്യത്യസ്ത സുഗന്ധങ്ങൾ തിരിച്ചറിയാനും സമാനമായ കൂട്ടുകൾ പുനഃസൃഷ്ടിക്കാനുമുള്ള പ്രത്യേക കഴിവും സോഷ്യൽ മീഡിയ വിഡിയോകളുമാണ് 'യൂസുഫ് ഭായ്' എന്ന പേരിൽ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പ്രവാസമണ്ണിൽ സ്വന്തം കഴിവുകൊണ്ട് തനതായ ഇടം കണ്ടെത്തിയ ഒരു മലയാളിക്ക് ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു ഈ വർക്ക്ഷോപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

