അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി കീഴടക്കി ഇമാറാത്തി പെൺകുട്ടി
text_fieldsഫാത്തിമ അബ്ദുറഹ്മാൻ അൽ അവാദി മൗണ്ട് വിൻസൻ കൊടുമുടിയിൽ
ദുബൈ: തണുത്തുറഞ്ഞ അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിൻസൻ കൊടുമുടി കീഴടക്കി ഇമാറാത്തി പർവതാരോഹകയായ ഫാത്തിമ അബ്ദുറഹ്മാൻ അൽ അവാദി. 4,892 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് സാഹസികമായി 18കാരി താണ്ടിയത്. കൊടുമുടിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യത്തെ അറബ് വംശജയുമാണിവർ. ഓരോ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയരമുള്ള പർവതങ്ങളായ ഏഴ് കൊടുമുടികൾ കീഴടക്കാനുള്ള സ്വപ്നവുമായി സഞ്ചാരം തുടരുന്ന ഇവരുടെ മൂന്നാമത്തെ പ്രധാന കൊടുമുടി കീഴടക്കലാണിത്.
ഫാത്തിമ തന്റെ നേട്ടം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും, രാഷ്ട്രമാതാവും ജനറൽ വനിതാ യൂനിയൻ ചെയർവുമണും, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെ പ്രസിഡന്റും, ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ (എഫ്.ഡി.എഫ്) സുപ്രീം ചെയർവുമണുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിനും സമർപ്പിച്ചു. യു.എ.ഇ ആസ്ഥാനമായുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്‌പോർട്‌സ് മാനേജ്‌മെന്റ്, പരിശീലന കമ്പനിയായ പാംസ് സ്‌പോർട്‌സാണ് ഉദ്യമം സ്‌പോൺസർ ചെയ്തത്.
ലോകത്തിലെ ഏറ്റവും പ്രയാസകരമായ പ്രകൃതി സാഹചര്യം നിലനിൽക്കുന്ന മേഖലയിലാണ് ഫാത്തിമ സാഹസിക യാത്ര നടത്തിയിരിക്കുന്നത്. മൈനസ് 40 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനില, ശക്തമായ കാറ്റ് എന്നിവ സഹിച്ചുകൊണ്ടാണ് ചരിത്രപരമായ നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ അഭിമാനത്തോടെ യു.എ.ഇ പതാക ഉയർത്തുന്നതിൽ അവർ ആഹ്ലാദം പ്രകടിപ്പിച്ചു. യു.എ.ഇ അതിന്റെ യുവാക്കൾക്ക് നൽകുന്ന തുടർച്ചയായ പിന്തുണ ഇല്ലായിരുന്നെങ്കിൽ, ഈ യാത്ര വളരെ ബുദ്ധിമുട്ടുള്ളതാകുമായിരുന്നുവെന്ന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

